മെഡിക്കല്‍ കോളജ് തീപിടിത്തം; നാല് മരണത്തില്‍ അന്വേഷണം; കേസ് രജിസ്റ്റര്‍ ചെയ്‌തെന്ന് മന്ത്രി

General

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലെ തീപിടിത്തത്തിനിടെ ഉണ്ടായ നാല് മരണത്തെക്കുറിച്ച് വിദഗ്ധ സംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പോസ്റ്റ്‌മോര്‍ട്ടത്തിലൂടെയേ മരണ കാരണം സ്ഥിരീകരിക്കാനാകൂ. തീപിടിത്തമല്ല മരണകാരണമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞത് കേസ് ഷീറ്റ് നോക്കിയാണെന്നും സംഭവത്തില്‍ അസ്വാഭാവിക മരണത്തിനും തീപിടിത്തത്തിനും പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായും വീണാ ജോര്‍ജ് പറഞ്ഞു. മെഡിക്കല്‍ കോളജിലെത്തിയ വീണാ ജോര്‍ജ് ഉന്നതതലയോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു

കോഴിക്കോട് മെഡിക്കല്‍ കോളജിലെ പൊട്ടിത്തെറിയില്‍ പിഡബ്ല്യുഡി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ റിപ്പാര്‍ട്ട് ലഭിച്ചതായി മന്ത്രി പറഞ്ഞു. എംആര്‍ഐ മെഷീനു വേണ്ടി ഉപയോഗിക്കുന്ന യുപിഎസ് ആണ് പൊട്ടിത്തെറിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടോ, ബാറ്ററിയുടെ ഇന്റേണല്‍ പ്രശ്‌നങ്ങളോ ആകാം തീപിടിത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പിഡബ്ല്യുഡി ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റും, ഫോറന്‍സിക് ടീമീന്റെയും കെഎസ്ഇബിയുടെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ തീപിടിത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താനാകൂകയുള്ളുവെന്ന് മന്ത്രി പറഞ്ഞു.

ആത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം മൂന്ന് ദിവസത്തുനുള്ളില്‍ പുനഃസ്ഥാപിക്കും. വൈദ്യുതി ഇന്നുവൈകീട്ടോടെ പുനസ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. എംആര്‍ഐ ഉപകരണത്തിനും യുപിഎസിനും വലിയ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. ഇതിന് 2026 വരെ വാറന്റി ഉണ്ടെന്നും മന്ത്രി പറഞ്ഞു. തീപിടിത്തത്തിനും, അസ്വാഭാവിക മരണത്തിനും മെഡിക്കല്‍ കോളജ് പൊലീസ് കേസ്എടുത്തിട്ടുണ്ട്. ഇതില്‍ സമഗ്രമായ അന്വേഷണം നടത്തും. സിസിടിവി ദൃശ്യങ്ങള്‍ എടുത്ത് കൃത്യമായ അന്വേഷണം നടത്തും. അതിന്റെ ഭാഗമായി ഹാര്‍ഡ് ഡിസ്‌ക് മെഡിക്കല്‍ കോളജ് പൊലീസിന് കൈമാറും.

അപകടസമയത്ത് 151 രോഗികളാണ് ഉണ്ടായിരുന്നത്. അതില്‍ 114 പേരും മെഡിക്കല്‍ കോളജില്‍ ചികിത്സ തുടരുന്നു. 37 പേരാണ് മറ്റിടങ്ങളിലേക്ക് പോയത്. ജനറല്‍ ആശുപത്രിയില്‍ 12 പേരാണ്. ഇഖ്‌റ, ബേബി ഹോസ്പിറ്റല്‍ തുടങ്ങി വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ഡോക്ടര്‍മാരുടെ സംഘം പരിശോധിക്കും. സ്വകാര്യ ആശുപത്രികളുമായി സംസാരിക്കുമെന്നും ചികിത്സ നിഷേധിച്ചാല്‍ ഇടപെടുമെന്നും മന്ത്രി പറഞ്ഞു.

അഞ്ച് മരണങ്ങളാണ് ഉണ്ടായത്. അതില്‍ ഒരാളെ മരിച്ച ശേഷം ആ സമയത്ത് അവിടെ എത്തിച്ചയാളാണ്. മറ്റ് നാല് മരണങ്ങള്‍ സംബന്ധിച്ച് വിദഗ്ധ സംഘം അന്വേഷണം നടത്തും. പോസ്്റ്റ്‌മോര്‍ട്ടം നടത്തുന്നതിലൂടെ മരണകാരണം വ്യക്തമാകുമെന്നും മന്ത്രി പറഞ്ഞു. മറ്റു മെഡിക്കല്‍ കോളജില്‍ നിന്നും എത്തുന്ന വിദഗ്ദ സംഘമാണ് അന്വേഷണം നടത്തുകയെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *