നടിയോട് മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ; വിൻസിയുടെ പരാതി ഒത്തുതീർപ്പിലേക്ക്

General

കൊച്ചി: സിനിമാ സെറ്റിൽ നടൻ ഷൈൻ ടോം ചാക്കോ മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ പരാതി ഒത്തുതീർപ്പാക്കാൻ നീക്കം. പരാതിയില്ലെന്നും തനിക്കുണ്ടായ ബുദ്ധിമുട്ടാണ് പറഞ്ഞതെന്നും വിൻസി പറഞ്ഞു. സംഭവത്തിൽ ഷൈൻ ടോം ചാക്കോ ഖേദം പ്രകടിപ്പിക്കുകയും ചെയ്തതോടെയാണ് ഒത്തുതീർപ്പിലേക്ക് നീങ്ങുന്നതെന്നാണ് റിപ്പോർട്ട്. സിനിമയുടെ ഐസി കമ്മിറ്റിക്ക് മുൻപാകെയാണ് പരാതി ഒത്തുതീർപ്പായതെന്നാണ് റിപ്പോർട്ട്.

ഒടുവിൽ ഇരുവരും കൈകൊടുത്ത് പിരിഞ്ഞുവെന്നും സിനിമയുമായി സഹകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഇരുവരും ഐസിസിക്ക് മുൻപാകെ ഹാജരായത്. സിനിമയ്ക്ക് പുറത്ത് പരാതിയുമായി പോകില്ലെന്ന് വിന്‍സി നേരത്തെ അറിയിച്ചിരുന്നു. മാറ്റം വരേണ്ടത് സിനിമാ മേഖലയിലാണെന്നും നിയമപരമായി മുന്നോട്ടുപോകാന്‍ തയ്യാറല്ലെന്നും വിന്‍സി പറഞ്ഞിരുന്നു.

വിന്‍സിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും പറയാനുള്ളത് ഒറ്റയ്‌ക്കൊറ്റയ്ക്കും ഇരുവരേയും ഒന്നിച്ചിരുത്തിയും ഐസിസി കേട്ടു. ഐസിസിയുടെ ഏത് തീരുമാനവും അംഗീകരിക്കാമെന്ന് പറഞ്ഞാണ് വിന്‍സി മടങ്ങിയത്. തിങ്കളാഴ്ച പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഹാളിലാണ് ഐസിസി യോഗം ചേര്‍ന്നത്. താന്‍ മനഃപൂര്‍വ്വം തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തന്റെ സ്വാഭാവികമായ ശൈലിയാണിതെന്നും പറഞ്ഞ ഷൈന്‍ ആ ശൈലി ഇനി ആവര്‍ത്തിക്കില്ലെന്നും ഉറപ്പു നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *