2000 രൂപ മുതല്‍ 5000 വരെ, ഷൈനിന്റെ പണമിടപാടുകള്‍ പരിശോധിക്കുന്നു; ലഹരിയുമായി ബന്ധമെന്ന സംശയത്തില്‍ പൊലീസ്

General

കൊച്ചി: ലഹരി കേസില്‍ അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ സാമ്പത്തിക ഇടപാടുകളിലേക്ക് അന്വേഷണം. ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ ഉള്‍പ്പെടെ ഷൈനുമായി ബന്ധപ്പെട്ട് നടന്ന ഇടപാടുകള്‍ ലഹരിയുമായി ബന്ധമുണ്ടോ എന്നതില്‍ വിശദമായ അന്വേഷണം നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

ഷൈന്‍ ടോം ചാക്കോയുടെ ചില ഇടപാടുകള്‍ ദുരൂഹമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. 2000 മുതല്‍ 5000 രൂപ വരെയുള്ള ഇടപാടുകളിലാണ് അന്വേഷണ സംഘം സംശയം പ്രകടിപ്പിക്കുന്നത്. സമീപകാലത്ത് ഇത്തരത്തില്‍ നടന്ന 14 ഓളം പണമിടപാടുകളെ കുറിച്ച് വിശദമായ പരിശോധിക്കാന്‍ ആണ് പൊലീസ് നീക്കം. പലര്‍ക്കും കടമായി നല്‍കിയ പണം എന്നാണ് ഇടപാടുകളെ ഷൈന്‍ വിശദീകരിക്കുന്നത്. ഇക്കാര്യം പൂര്‍ണമായി വിശ്വാസത്തിലെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.

കേസില്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ ഉള്‍പ്പെടെ നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിനായി ഷൈനിന്റെ ഫോണും മുടിയുടെ സാമ്പിളുകളും ഫോറന്‍സിക് ലാബിലേക്ക് അയച്ചു. ഫോറന്‍സിക് സയന്‍സ് ലബോറട്ടറി (എഫ്എസ്എല്‍) റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കും. പൊലീസ് പരിശോധനയ്ക്കിടെ ഷൈന്‍ ഓടി രക്ഷപ്പെട്ട കൊച്ചിയിലെ ഹോട്ടലില്‍ ഉണ്ടായിരുന്ന താരത്തിന്റെ സഹായിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അഹമ്മദ് മുര്‍ഷാദിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ശനിയാഴ്ച നടത്തിയ ചോദ്യം ചെയ്യലില്‍ ഷൈന്‍ വളരെക്കാലമായി മെത്താംഫെറ്റാമൈനും കഞ്ചാവും ഉപയോഗിച്ചിരുന്നതായി സമ്മതിച്ചതായും, ഒരിക്കല്‍ ഒരു ലഹരിവിമുക്ത പരിപാടിയില്‍ പങ്കെടുത്തിരുന്നെന്നും എന്നാല്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നും വെളിപ്പെടുത്തിയതായി കൊച്ചി സിറ്റി നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ എ അബ്ദുള്‍ സലാം പ്രതികരിച്ചിരുന്നു. മൂന്ന് അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ സാന്നിധ്യത്തിലാണ് നടനെ ചോദ്യം ചെയ്തത്.

ലഹരി ഉപയോഗിച്ചെന്ന കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയ ഷൈന്‍ ടോം ചാക്കോയെ ശനിയാഴ്ച തന്നെ പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. എന്‍ഡിപിഎസ് നിയമത്തിലെ സെക്ഷന്‍ 27, 29 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മാതാപിതാക്കളുടെ ജാമ്യത്തിലാണ് നടനെ വിട്ടയച്ചത്. പുറത്തിറങ്ങിയ ഷൈന്‍ മാധ്യമങ്ങള്‍ മുഖം കൊടുക്കാതെ തിരികെ പോവുകയായിരുന്നു. ലഹരി മരുന്നിന്റെ ഉപയോഗം എന്‍ഡിപിഎസ് നിയമത്തിന്റെ വകുപ്പ് 27 പ്രകാരം കുറ്റകരമാണ്. ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുന്നത് കുറ്റമാണെന്ന് സെക്ഷന്‍ 29 വ്യവസ്ഥ ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *