കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവർക്കായി മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച തുടർ ചികിത്സാ പദ്ധതിക്ക് ആറിന് തുടക്കമാകുമെന്ന് പിടിഎച്ച് ഭാരവാഹികള്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു.
പാർട്ടിക്ക് കീഴിലെ സാന്ത്വന പരിചരണ വിഭാഗമായ പുക്കോയ തങ്ങള്‍ ഹോസ്പിറ്റലാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു വർഷം നീണ്ടുനില്‍ക്കുന്ന പദ്ധതിക്കായി 25 ലക്ഷം രൂപ സംസ്ഥാന മുസ്‌ലിം ലീഗ് കമ്മിറ്റി അനുവദിച്ചിട്ടുണ്ട്. പദ്ധതി ആരംഭിക്കുന്നതിനുവേണ്ട ക്രമീകരണങ്ങള്‍ എല്ലാം പൂർത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.
ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങളിലെ നിലവില്‍ ദീർഘകാലമായി മരുന്നുകള്‍ കഴിക്കുന്നവരും അപകടത്തില്‍ പരിക്ക് പറ്റിയവരും മാത്രമാണ് ഈ പദ്ധതിയിലെ ഗുണഭോക്താക്കളാവുക. ഈ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പാലക്കുന്നുമ്മല്‍ അഷ്താഖ് സംഭാവന നല്‍കിയ ഹോം കെയർ വാഹനവും ഓഫീസും എല്ലാം പ്രവർത്തന സജ്ജമാണ്. കൂടാതെ ഗൃഹകേന്ദ്രീകൃത പരിചരണനത്തിനാവശ്യമായ ഡോക്ടർ, നഴ്സ്, വോളണ്ടിയർമാർ, മരുന്നുകള്‍ ഉള്‍പ്പെടെ എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കിയിട്ടുണ്ട്. തുടർ ചികിത്സയുടെ ഭാഗമായി ഗൃഹ കേന്ദ്രീകൃത പരിചരണത്തോടൊപ്പം ആവശ്യമായ കേസുകളില്‍ വിദഗ്ധ ചികിത്സ നല്‍കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഓഫീസ് ഉദ്ഘാടനം നാളെ വൈകുന്നേരം നാലിന് എമിലിലെ പാലക്കുന്നില്‍ ടവറില്‍ നടക്കും.
പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പിടിഎച്ച് സംസ്ഥാന കോഓർഡിനേറ്റർ ആൻഡ് സിഎഫ്‌ഒ ഡോ.എം.എ. അമീറലി പദ്ധതി വിശദീകരിക്കും. മുസ്‌ലിം ലീഗ് സംസ്ഥാന ഭാരവാഹികളായ സി. മമ്മൂട്ടി, കെ.എം. ഷാജി, ഉപസമിതി ചെയർമാൻ പി.കെ. ബഷീർ എംഎല്‍എ, ജില്ലാ ഭാരവാഹികളായ കെ.കെ. അഹമ്മദ് ഹാജി, ടി. മുഹമ്മദ്, പിടിഎച്ച് സംസ്ഥാന സമിതി ട്രഷറർ വി.എം. ഉമ്മർ, പി.കെ. ഫിറോസ്, ഇസ്മായില്‍ വയനാട്, ടിപിഎം ജിഷാൻ തുടങ്ങിയവർ സംബന്ധിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാർത്താസമ്മേളനത്തില്‍ പിടിഎച്ച് ജില്ലാ കണ്‍വീനർ സമദ് കണ്ണിയൻ, തുടർചികിത്സാ ഉപസമിതി കണ്‍വീനർ കെ.ടി. കുഞ്ഞബ്ദുള്ള, ട്രഷറർ സലീം പാലക്കുന്നില്‍ എന്നിവർ സംബന്ധിച്ചു.