‘ഹൃദയപൂര്‍വ്വം’ അനീമിയ പ്രതിരോധവുമായി തരിയോട് ഗ്രാമപഞ്ചായത്ത്

General

കാവുംമന്ദം: കൗമാരക്കാരായ പെണ്‍കുട്ടികളില്‍ അനീമിയ രോഗ സാധ്യത കണ്ടെത്തുന്നതിനും അതിനുള്ള പരിഹാരം കാണുന്നതിനുമായി തരിയോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ‘ഹൃദയപൂര്‍വ്വം’ എന്ന പേരില്‍ അനീമിയ പ്രതിരോധ പരിപാടി സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. ഡോ ഇന്ദു കിഷോര്‍ ക്ലാസ് എടുത്തു. പരിപാടിയുടെ ഭാഗമായി അനീമിയ സ്‌ക്രീനിങ്, ബോധവല്‍ക്കരണ ക്ലാസ്, ലഘുലേഖ വിതരണം എന്നിവ നടന്നു. തുടര്‍ പ്രവര്‍ത്തനം എന്ന നിലയില്‍ രോഗ സാധ്യതയുള്ള കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. ഇതിലൂടെ വിളര്‍ച്ച, രക്തക്കുറവ്, ഹീമോഗ്ലോബിന്റെ അളവിലുള്ള കുറവ് എന്നിവ മനസ്സിലാക്കി അതിനുള്ള പരിഹാര പ്രവര്‍ത്തനങ്ങള്‍ നടത്തി ആരോഗ്യമുള്ള യുവതയെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം.

തരിയോട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട് സ്വാഗതവും ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ജിഷ എന്‍ ജി നന്ദിയും പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണന്‍, സൂന നവീന്‍, വിജയന്‍ തോട്ടുങ്കല്‍, വത്സല നളിനാക്ഷന്‍, സിബില്‍ എഡ്വേര്‍ഡ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *