ശബരിമല: മണ്ഡലകാലത്ത് ശബരിമലയില്‍ വരുമാനത്തിലും ഭക്തരുടെ എണ്ണത്തിലും വന്‍ വര്‍ധനയുണ്ടായെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. 41 ദിവസം കൊണ്ട് 297 കോടിയലധികം രൂപയുടെ വരുമാനമാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 214 കോടിയലധികം രൂപയായിരുന്നു. ഇത്തവണ 82 കോടിയലധികം രൂപ അധിവരുമാനം ഉണ്ടായെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അരവണ ഇനത്തില്‍ വരുമാനം കഴിഞ്ഞ തവണ 101 കോടിയലധികമായിരുന്നെങ്കില്‍ ഇത്തവണ അത് 124 കോടിയലധികമായി ഉയര്‍ന്നു. കാണിക്ക ഇനത്തില്‍ 66 കോടിയലിധകമായിരുന്നു കഴിഞ്ഞ തവണ ലഭിച്ചത്. ഈ വര്‍ഷം അത് 80 കോടിയലധികമാണ്. കാണിക്ക ഇനത്തില്‍ 13 കോടിയലധികമാണ് വര്‍ധനയെന്നും പിഎസ് പ്രശാന്ത് പറഞ്ഞു.
ഓരോ ദിവസം കഴിയും തോറും ശബരിമലയില്‍ തിരക്ക് കൂടി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പതിനൊന്നാം തീയതിയാണ് എരുമേലി പേട്ട തുള്ളല്‍. 12ാം തീയതി ഉച്ചക്ക് ഒരുമണിക്ക് പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ തിരുവാഭരണ ഘോഷയാത്ര തുടങ്ങും. വൈകുന്നേരം നാലുമണിക്കാണ് പമ്പാ സംഗമം. മന്ത്രി വിഎന്‍ വാസവന്‍ പമ്പാസംഗമം ഉദ്ഘാടനം ചെയ്യും. ജയറാം, കാവാലം ശ്രീകുമാര്‍, വയലാര്‍ ശരത്ചന്ദ്രവര്‍മ തുടങ്ങിയവര്‍ പങ്കെടുക്കും, 14ാം തീയതി രാവിലെ കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് ഹരിവരാസനം പുരസ്‌കാരം വിതരണം ചെയ്യുമെന്നും പിഎസ് പ്രശാന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.