കല്‍പ്പറ്റ: മുട്ടില്‍-വാര്യാട് ഭാഗത്ത് വാഹനാപകടങ്ങള്‍ പതിവ് സംഭവമാണ്. നിരവധി ജീവനുകളാണ് ഇവിടെ പൊലിഞ്ഞിട്ടുള്ളത്. നിരന്തരമുണ്ടാകുന്ന അപകടത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി നിരവധി ഇടപെടലുകളാണ് എം.എല്‍.എ നടത്തിയിട്ടുള്ളത്. 07.01.2022 ന് കല്‍പ്പറ്റ നിയോജകണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖിന്റെ അദ്ധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ജില്ലാ കളക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പോലീസ് മേധാവി, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, നാഷണല്‍ ഹൈവ്വേ അധികൃതര്‍, റോഡ് സേഫ്റ്റി അധികൃതര്‍, ജനപ്രതിനിധികള്‍, വാര്യാട് ജനകീയ സമിതി ഉള്‍പ്പെടെയുള്ളവരുടെ യോഗം വിളിച്ച് ചേര്‍ത്തിരുന്നു. യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നേരത്തെ വാര്യാട് പ്രദേശത്ത് സ്പീഡ് ബ്രേക്കര്‍ സ്ഥാപിക്കുകയും, മുട്ടില്‍ പഞ്ചായത്ത് പ്രസ്തുത പ്രദേശത്ത് സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. തുടര്‍ പ്രവൃത്തിയുടെ ഭാഗമായി വാഹനങ്ങളുടെ വേഗത കുറക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുന്നതിനായി കേരളാ റോഡ് സുരക്ഷാ അതോറിറ്റിക്ക് പ്രൊപ്പോസല്‍ നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി റോഡില്‍ ഹോട്ട് അപ്ലൈഡ് തെര്‍മോപ്ലാസ്റ്റിക് കോമ്പൗണ്ട് സ്ഥാപിക്കുകയും, റിഫ്‌ളക്ട്ടീവ് റോഡ് സ്റ്റഡുകള്‍ (raised pavement marker) സ്ഥാപിക്കുകയും, ഹോട്ട് അപ്ലൈഡ് തെര്‍മോപ്ലാസ്റ്റിക് കോമ്പൗണ്ട് സ്ഥാപിക്കുകയും ചെയ്തു. പ്രദേശത്ത് കാമറ സ്ഥാപിക്കുന്നതിന് വേണ്ടി നേരത്തെ യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായി ജില്ലാ റോഡ് സേഫ്റ്റി യോഗം വിളിച്ച് ചേര്‍ത്ത് പ്രൊപ്പോസല്‍ തയ്യാറാക്കി കേരളാ റോഡ് സേഫ്റ്റി അതോറിറ്റിക്ക് നല്‍കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും എം.എല്‍.എ പറഞ്ഞു.