ന്യൂഡല്‍ഹി: അടുത്തിടെ സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്ക് വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്ലിലേക്ക് സ്വിച്ച് ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. എയര്‍ടെല്‍, ജിയോ, വിഐ എന്നിവ റീച്ചാര്‍ജ് പ്ലാനില്‍ ശരാശരി 15 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്. ഇത് അവസരമായി കണ്ട് ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ചെലവ് കുറച്ച് റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് വരികയാണ് ബിഎസ്എന്‍എല്‍.
അടുത്തിടെ ബിഎസ്എന്‍എല്‍ അവതരിപ്പിച്ച റീച്ചാര്‍ജ് പ്ലാനാണ് 107 രൂപ പ്ലാന്‍. മറ്റു കമ്പനികളുടെ സമാനമായ പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ചെലവ് കുറവാണ് ഇതിന് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 35 ദിവസം കാലാവധിയുള്ള പ്ലാനാണ് 107 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍. ഏതു നെറ്റ് വര്‍ക്കിലേക്കും 200 മിനിറ്റ് വോയ്‌സ് കോളിങ്, 2ജിബി ഡേറ്റ എന്നിവയാണ് മറ്റു പ്രത്യേകതകള്‍. ജിയോയുടെ 189 രൂപ പ്ലാനിന് 28 ദിവസം മാത്രമാണ് കാലാവധി. അണ്‍ലിമിറ്റഡ് വോയ്‌സ് കോളിങ് ഇത് ഓഫര്‍ ചെയ്യുന്നുണ്ടെങ്കിലും 2ജിബി ഡേറ്റ മാത്രമാണ് ഈ പ്ലാന്‍ അനുസരിച്ച് ലഭിക്കുക. 300 സൗജന്യ എസ്എംഎസ് ആണ് മറ്റൊരു ഫീച്ചര്‍.
എയര്‍ടെലിന്റെ 199 രൂപ പ്ലാനിനും 28 ദിവസമാണ് കാലാവധി. രണ്ടു ജിബി ഡേറ്റ, നൂറ് സൗജന്യ എസ്എംഎസ് എന്നിവയാണ് മറ്റു പ്രത്യേകതള്‍. വിഐയ്ക്കും എയര്‍ടെലിന് സമാനമായ 199 രൂപയുടെ പ്ലാനാണ് ഉള്ളത്. നൂറ് എസ്എംഎസിന് പകരം 300 സൗജന്യ എസ്എംഎസ് മാത്രമാണ് അധിക ഓഫര്‍.