ഹൈദരാബാദ്: ഇറാനില്‍ അവയവ കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസില്‍ ഹൈദരാബാദ് റാക്കറ്റിലെ മുഖ്യകണ്ണി പിടിയില്‍. ഹൈദരാബാദ് സ്വദേശിയാണ് അറസ്റ്റിലായത്. ഇയാളെക്കുറിച്ച് നേരത്തെ അറസ്റ്റിലായ മുഖ്യപ്രതി സബിത്ത് നാസര്‍ മൊഴിനല്‍കിയിരുന്നു.
ഹൈദരാബാദ് കേന്ദ്രമായുള്ള സംഘമാണ് തങ്ങളെ നിയന്ത്രിച്ചിരുന്നതെന്ന് സബിത്ത് നേരത്തെ പൊലീസിനു മൊഴി നല്‍കിയിരുന്നു. അവയവക്കടത്ത് നടത്തിയവരില്‍ ഭൂരിഭാഗവും ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ യുവാക്കളാണെന്ന് സബിത്ത് നാസര്‍ പൊലീസിനോട് സമ്മതിച്ചിരുന്നു.
ഹൈദരാബാദിലാണ് കേസിലെ പ്രധാന കണ്ണികളുള്ളതെന്നും ഇയാള്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇവിടെയെത്തിയ അന്വേഷണ സംഘമാണു പ്രതിയെ വലയിലാക്കിയത്. ഇയാളെ കൊച്ചിയിലെത്തിച്ചിട്ടുണ്ട്.
2019ല്‍ സ്വന്തം വൃക്ക വില്‍ക്കാന്‍ ശ്രമിച്ചതോടെയാണ് ഈ മേഖലയിലെ സാധ്യത താന്‍ തിരിച്ചറിഞ്ഞെന്നും, ഇതിനു പിന്നാലെയാണ് ഇരകളെ തേടി തുടങ്ങിയതെന്നും സബിത്ത് മൊഴി നല്‍കിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിലാണ് ഹൈദരാബാദിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്.
തുടക്കത്തില്‍ നെടുമ്പാശ്ശേരി പൊലീസാണ് കേസ് അന്വേഷിച്ചിരുന്നത്. പിന്നീട് ആലുവ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണത്തിനു രൂപംനല്‍കുകയായിരുന്നു. ഇന്നലെയാണ് അന്വേഷണസംഘം ഹൈദരാബാദിലെത്തി പരിശോധന ആരംഭിച്ചത്.