മലയാളവും തെന്നിന്ത്യയും കടന്ന് ബോളിവുഡിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് നടി സംയുക്ത. 27 വർഷങ്ങൾക്ക് ശേഷം പ്രഭുദേവയും കജോളും ഒന്നിച്ചെത്തുന്ന ചിത്രത്തിലൂടെയാണ് സംയുക്ത ബോളിവുഡിലേക്ക് ചുവടുവയ്ക്കുന്നത്. തെലുങ്ക് ഫിലിംമേക്കറായ ചരൺ തേജ് ഉപ്പളപതിയാണ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.
ചരൺ തേജയുടേയും ബോളിവുഡ് അരങ്ങേറ്റമാണ് ഈ ചിത്രം. നസ്റുദ്ദീൻ ഷാ, ജിഷു സെൻ ഗുപ്ത, ആദിത്യ സീൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലായി പൂർത്തിയാക്കിയതായാണ് വിവരം. ആക്ഷൻ ത്രില്ലറായാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുക.
നിരഞ്ജൻ അയ്യങ്കാർ, ജെസീക്ക ഖുറാന എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ഷാരൂഖ് ചിത്രം ജവാന്റെ ഫോട്ടോഗ്രഫി ഡയറക്ടർ ജി.കെ വിഷ്ണു, അനിമലിന്റെ സംഗീത സംവിധായകൻ ഹർഷവർദ്ധൻ രാമേശ്വർ, പുഷ്പ 2 വിന്റെ എഡിറ്റർ നവീൻ നൂലി എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.
1997 ൽ പുറത്തിറങ്ങിയ മിൻസാര കനവ് എന്ന ചിത്രത്തിലൂടെയാണ് പ്രഭുദേവയും കജോളും ഒന്നിച്ചഭിനയിച്ചത്. അതേസമയം തെലുങ്ക് സിനിമ ലോകത്ത് നിരവധി ആരാധകരുള്ള നടിമാരിലൊരാളാണ് സംയുക്ത.
തെലുങ്കിൽ ഒന്നിന് പുറകേ ഒന്നായി നിരവധി ഹിറ്റ് സിനിമകളിലും താരം നായികയായെത്തി. നിഖിൽ സിദ്ധാർഥയ്ക്കൊപ്പം സ്വയംഭൂ എന്ന ചിത്രമാണ് സംയുക്തയുടേതായി റിലീസിന് ഒരുങ്ങുന്നത്. അതുകൂടാതെ ശർവാനന്ദ് നായകനാകുന്ന ചിത്രത്തിലും സംയുക്ത അഭിനയിക്കുന്നുണ്ട്.