അഹമ്മദാബാദ്: ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനോടു പരാജയപ്പെട്ടതോടെ അവരുടെ പ്ലേ ഓഫ് സാധ്യതകളും തുലാസിലായി. ഇനി രണ്ട് മത്സരങ്ങളാണ് സിഎസ്‌കെയ്ക്ക് ഉള്ളത്. രണ്ടിലും ജയം അനിവാര്യം. ഗുജറാത്തിനു ഇന്നലത്തെ ജയത്തോടെ 10 പോയിന്റായി. അവര്‍ക്കും ഇനി ശേഷിക്കുന്നത് രണ്ട് മത്സരങ്ങള്‍. രണ്ടിലും വന്‍ മാര്‍ജിനില്‍ ജയിച്ച് നെറ്റ് റണ്‍റേറ്റ് വര്‍ധിപ്പിച്ചാല്‍ മാത്രം പ്രതീക്ഷ.
ടീമുകളുടെ സാധ്യത
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: നിലവില്‍ 16 പോയിന്റുകലുമായി കെകെആര്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. പ്ലേ ഓഫ് ഉറപ്പിച്ചാണ് അവര്‍ നില്‍ക്കുന്നത്. ശേഷിക്കുന്നത് മൂന്ന് മത്സരങ്ങള്‍. ഇതില്‍ ഒന്ന് ജയിച്ചാല്‍ തന്നെ ഒന്നോ, രണ്ടോ സ്ഥാനക്കാരായി അവര്‍ക്ക് പ്ലേ ഓഫിലെത്താം. മൂന്നും തോറ്റാല്‍ പോലും മൂന്നോ, നാലോ സ്ഥാനക്കാരായി അവര്‍ക്ക് മുന്നേറാം. പ്ലേ ഓഫിലെത്താതെ പുറത്താകണമെങ്കില്‍ മറ്റ് ടീമുകള്‍ അത്ഭുതങ്ങള്‍ കാണിക്കണം.
രാജസ്ഥാന്‍ റോയല്‍സ്: കൊല്‍ക്കത്തയുടെ അതേ അവസ്ഥയിലാണ് നിലവില്‍ രണ്ടാമതുള്ള രാജസ്ഥാനും. 11 കളിയില്‍ 16 പോയിന്റുകള്‍. അവരും പ്ലേ ഓഫ് ഉറപ്പിച്ചാണ് നില്‍ക്കുന്നത്. മറിച്ച് സംഭവിക്കണമെങ്കില്‍ കൊല്‍ക്കത്തയുടെ കാര്യത്തില്‍ പറഞ്ഞത് നടക്കണം.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: നിലവില്‍ മൂന്നാം സ്ഥാനത്താണ് സണ്‍റൈസേഴ്‌സ്. പ്ലേ ഓഫിന് തൊട്ടരികില്‍ തന്നെ. 14 പോയിന്റുകളുള്ള അവര്‍ക്ക് രണ്ട് മത്സരങ്ങളാണ് ശേഷിക്കുന്നത്. ഒന്ന് ജയിച്ചാല്‍ തന്നെ ആദ്യ നാലിനുള്ളില്‍ എത്തി പ്ലേ ഓഫ് ഉറപ്പിക്കാം.
ചെന്നെ സൂപ്പര്‍ കിങ്‌സ് ഇന്നലെ തോറ്റതോടെ അവരുടെ സാധ്യതകള്‍ക്ക് വന്‍ തിരിച്ചടി നേരിടേണ്ടി വന്നു. ഇനിയുള്ള രണ്ട് മത്സരങ്ങളും ജയിച്ചാല്‍ മാത്രം പ്രതീക്ഷ. നിലവില്‍ 12 പോയിന്റുകളാണ് ചെന്നൈക്കുള്ളത്. അതിനാല്‍ അടുത്ത രണ്ട് മത്സരങ്ങളും ജയിച്ച് 16 പോയിന്റിലെത്തിയാല്‍ ആദ്യ നാലില്‍ ഇടം നേടാമെന്നാണ് അവര്‍ ഇനി കണക്കുകൂട്ടുന്നത്.
ഡല്‍ഹി ക്യാപിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമുകളുടെ സ്ഥിതിയും ചെന്നൈയ്ക്ക് സമാനമാണ്. ഇരു ടീമുകള്‍ക്കും 12 കളിയില്‍ 12 പോയിന്റുകള്‍. ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിച്ചാല്‍ 16 പോയിന്റുകള്‍. ഈ മൂന്ന് ടീമുകളില്‍ ഒരു ടീമിനാണ് അവസാന നാലിലെത്താന്‍ അവസരം ലഭിക്കുന്നത്.
അവസാന നാല് ടീമുകളില്‍ ആര്‍സിബി, ഗുജറാത്ത് സംഘങ്ങള്‍ക്ക് അത്ഭുതങ്ങള്‍ നടന്നാല്‍ മാത്രമാണ് പ്രതീക്ഷയ്ക്ക് വകുപ്പുള്ളത്. പ്ലേ ഓഫ് സാധ്യത ഇരു ടീമുകള്‍ക്കും ശേഷിക്കുന്നത് 20 ശതമാനം മാത്രം. മുംബൈ, പഞ്ചാബ് ടീമുകള്‍ പുറത്തായി കഴിഞ്ഞു.