സ്വർണം അരിച്ചെടുക്കാൻ ഐവർമഠം ശ്മശാനത്തിൽ നിന്ന് ചിതാഭസ്മം മോഷ്ടിച്ചു; രണ്ട് പേർ പിടിയിൽ

Kerala

തൃശൂർ: പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽനിന്ന് ചിതാഭസ്മം മോഷ്ടിച്ച് കടത്തിയവർ പിടിയിൽ. ചിതാഭസ്മം ചാക്കുകളിലാക്കി ഭാരതപ്പുഴയിലെത്തിച്ച് സ്വർണം അരിച്ചെടുക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് മോഷ്ടാക്കൾ പിടിയിലായത്. തമിഴ്‌നാട് കൃഷ്ണഗിരി അഗ്രഹാരം സ്വദേശികളായ മല്ലിക (50), രേണുഗോപാൽ (25) എന്നിവരെയാണ് പഴയന്നൂർ പൊലീസ് അറസ്റ്റുചെയ്തത്. സംഘത്തിലെ ഒരാൾ പുഴ നീന്തിക്കടന്ന് രക്ഷപ്പെട്ടു.

വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംഭവമുണ്ടായത്. ചിതാഭസ്മം ചാക്കിലാക്കി കൊണ്ടുപോകുന്നതിനിടെ ഐവർമഠം ശ്മശാനത്തിലെ തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇവരെ പിടികൂടിയത്. മോഷ്ടിച്ചെടുക്കുന്ന ചിതാഭസ്മത്തിൽനിന്ന് സ്വർണം വേർതിരിച്ചെടുക്കുകയാണ് പ്രതികൾ ചെയ്തുവരുന്നത്.

മുൻപും ശ്മശാനത്തിൽനിന്ന് പലരുടെയും ചിതാഭസ്മം കാണാതായിട്ടുണ്ട്. പഴയന്നൂർ പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് രാത്രിയിൽ പട്രോളിങ് നടത്താറുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളെവെച്ച് ഇത്തരത്തിൽ മോഷണം നടത്തുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടോയെന്നും ഇത്തരം പ്രവർത്തനത്തിൽ നാട്ടുകാർക്കോ ഇവിടെയുള്ള തൊഴിലാളികൾക്കോ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *