മലപ്പുറം: മലപ്പുറം തിരൂരില്‍ ബിരിയാണിയില്‍ കോഴിത്തല കണ്ടെത്തിയ സംഭവത്തില്‍ ആര്‍ഡിഒ കോടതി 75,000 രൂപ പിഴയിട്ടു. മുത്തൂരിലെ പൊറോട്ട സ്റ്റാള്‍ എന്ന ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷണത്തിലായിരുന്നു കോഴിത്തല കണ്ടെത്തിയത്. സംഭവത്തില്‍ ഹോട്ടല്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഇടപെട്ട് പൂട്ടിച്ചിരുന്നു.
നവംബര്‍ അഞ്ചിന് തിരൂര്‍ പി സി പടി സ്വദേശിയായ അധ്യാപിക പ്രതിഭയാണ് വീട്ടിലേക്ക് നാല് ബിരിയാണി കഴിഞ്ഞ ദിവസം പാഴ്‌സലായി വാങ്ങിയത്. ഇതിലൊരു കവര്‍ തുറന്നു നോക്കിയപ്പോഴാണ് കോഴിയുടെ തല കണ്ടെത്തിയത്. ഹോട്ടലിനെതിരായ പരാതിയില്‍ ഭക്ഷ്യസുരക്ഷ ഓഫീസര്‍ പരിശോധന നടത്തി ഹോട്ടല്‍ അടച്ചു പൂട്ടുകയായിരുന്നു. ഭക്ഷ്യസുരക്ഷ എന്‍ഫോഴ്സ്മെന്റ് അസിസ്റ്റന്‍ഡ് കമ്മീഷണര്‍ സുജിത്ത് പെരേര, ഭക്ഷ്യ സുരക്ഷ ഓഫീസര്‍ എം.എന്‍ ഷംസിയ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയിരുന്നത്.
താന്‍ വാങ്ങിയ ഭക്ഷണത്തില്‍ എണ്ണയില്‍ വറുത്തെടുത്ത രീതിയിലായിരുന്നു കോഴിത്തലയുണ്ടായിരുന്നതെന്നും കോഴിയുടെ കൊക്കുള്‍പ്പെടെ ഇതിലുണ്ടായിരുന്നെന്ന് പ്രതിഭ പറഞ്ഞിരുന്നു. പരാതിയെ തുടര്‍ന്ന് തിരൂര്‍ ഭക്ഷ്യസുരക്ഷ ഓഫീസര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹോട്ടലില്‍ ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ പരിശോധനയിലാണ് നടപടി. ഹോട്ടില്‍ നിന്ന് പഴകിയ ഭക്ഷണവും പിടിച്ചെടുത്തിരുന്നു.