ക്ഷേത്രത്തിലെ വിലപിടിപ്പുള്ള പഞ്ചലോഹ വി​ഗ്രഹം കാണാനില്ല; ഭിത്തിയിൽ നെയ്യുകൊണ്ട് മിന്നല്‍ മുരളി, തിരഞ്ഞ് പൊലീസ്

Kerala

മലപ്പുറം: മഞ്ചേരി കോണിക്കല്ലില്‍ ക്ഷേത്രത്തില്‍ നിന്ന് പഞ്ചലോഹ വിഗ്രഹം മോഷണം പോയതായി പരാതി. ക്ഷേത്രത്തില്‍ വിഗ്രഹം വച്ചിരുന്ന മുറിയിലെ ചുമരില്‍ മിന്നല്‍ മുരളി എന്ന് എഴുതിയാണ് മോഷ്ടാക്കള്‍ കടന്നുകളഞ്ഞത്. മൂടേപ്പുറം മുത്തൻ ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രം തുറക്കാനായി എത്തിയ പരികര്‍മിയാണ് ക്ഷേത്ര വാതിലുകള്‍ തുറന്നു കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ക്ഷേത്രത്തിലെ വിഗ്രഹം മോഷണം പോയ വിവരം അറിഞ്ഞത്. ഉടന്‍ തന്നെ ബന്ധപ്പെട്ടവരെ വിവരമറിയിച്ചു. ക്ഷേത്രത്തിലെ ശ്രീകോവിലില്‍ മാത്രമല്ല ചുറ്റമ്പലത്തിലും മോഷ്ടാവ് കയറിയിട്ടുണ്ടെന്ന് കണ്ടെത്തി. എന്നാല്‍ ചുറ്റമ്പലത്തില്‍ നിന്ന് ഒന്നും മോഷണം പോയിട്ടില്ല.

ഇവിടെയാണ് പൂജക്ക് ഉപയോഗിക്കുന്ന നെയ്യെടുത്ത് മോഷ്ടാവ് ചുമരില്‍ മിന്നല്‍ മുരളി എന്ന് എഴുതി വെച്ചത്. സംഭവത്തില്‍ മഞ്ചേരി പൊലീസ് കേസെടുത്തിട്ടുണ്ട്. വിരലടയാള വിദ​ഗ്ധരെത്തി തെളിവുകള്‍ ശേഖരിച്ചു. മഞ്ചേരി ഇൻസ്പെക്ടറുടെ സംഘമാണ് കേസ് അന്വേഷിക്കുന്നത്. മോഷണം പോയ പഞ്ചലോഹ വിഗ്രഹത്തിന് ഒരു ലക്ഷം രൂപയോളം വിലയുണ്ട്. അതേസമയം ശ്രീ കോവിലിനുള്ളില്‍ ഉണ്ടായിരുന്ന സ്വര്‍ണമാല മോഷണം പോയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *