മുഹമ്മദ് നിഷാം സ്ഥിരം കുറ്റവാളി, വധശിക്ഷ നല്‍കണം; സുപ്രീം കോടതിയില്‍ അധിക രേഖകള്‍ സമര്‍പ്പിച്ച് സര്‍ക്കാര്‍

Kerala

ന്യൂ ഡല്‍ഹി:: സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ച് കൊന്ന കേസിലെ പ്രതി മുഹമ്മദ് നിഷാമിനെതിരെ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ അധിക രേഖകൾ സമർപ്പിച്ചു. നിഷാം സ്ഥിരം കുറ്റവാളിയാണെന്നും മുൻകാല ക്രിമിനൽ പശ്ചാത്തലമുണ്ടായിരുന്ന വ്യക്തിയാണെന്നും രേഖകളില്‍ വ്യക്തമാക്കുന്നു. നിഷാമിനെതിരായ പതിനേഴ് കേസുകളുടെ വിവരങ്ങളും സര്‍ക്കാര്‍ കോടതിയില്‍ സമർപ്പിച്ചിട്ടുണ്ട്.

സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ഷൊങ്കറാണ് അധിക രേഖകള്‍ കോടതിയില്‍ രേഖ സമർപ്പിച്ചത്. ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള കാപ്പ ലിസ്റ്റിൽ മുഹമ്മദ് നിഷാമിനെ ഉൾപ്പെടുത്തിയതിന്റെ വിവരങ്ങളും ഇപ്പോള്‍ സമര്‍പ്പിച്ച അധിക രേഖകളിലുണ്ട്. നിഷാമിന് വധശിക്ഷ നൽകണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ഹർജി കോടതി ഇന്ന് സുപ്രീം കോടതി പരിഗണിക്കും.

നേരത്തെ ജീവപര്യന്തം തടവിനെതിരെ മുഹമ്മദ് നിഷാം നൽകിയ ഹർജിയിൽ സംസ്ഥാന സര്‍ക്കാറിനും എതിർ കക്ഷികൾക്കും സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. ജീവപര്യന്തം ജയില്‍ ശിക്ഷ വിധിച്ച ശിക്ഷാ വിധി റദ്ദാക്കണമെന്നായിരുന്നു മുഹമ്മദ് നിഷാമിന്റെ ഹർജിയിലെ ആവശ്യം. ഹർജി തീർപ്പാക്കുന്നത് വരെ ജാമ്യം നൽകണമെന്ന ആവശ്യത്തിലും കോടതി നോട്ടീസ് അയച്ചു. ജീവപര്യന്തം ശിക്ഷ വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിഷാം നൽകിയ ഹർജി നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു. നിഷാമിന് വധശിക്ഷ നല്‍കണമെന്ന ആവശ്യവുമായി സംസ്ഥാനം സുപ്രീം കോടതിയില്‍ ഇതിന് പിന്നാലെ ഹര്‍ജി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *