തലപ്പുഴ :കണ്ണോത്ത് മല ജീപ്പപകടത്തിൽ മരണപ്പെട്ടവർക്കും പരിക്കേറ്റവർക്കും സർക്കാർ സഹായധനം നൽകണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ മാനന്തവാടി മണ്ഡലം കമ്മറ്റി തലപ്പുഴയിൽ സായാഹ്ന ധർണ്ണ നടത്തി. ദിവസവേതനത്തിന് ജോലി ചെയ്യുന്ന അസംഘടിത തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. താങ്ങുംതണലും നഷ്ടപ്പെട്ട് പരിതാപകരമായ ജീവിത സാഹചര്യമാണ് കുടുംബങ്ങളിൽ നിലനിൽക്കുന്നത്. അപകടത്തിൽപ്പെട്ടവർക്ക് സഹായധനവും പരിക്കേറ്റവർക്ക് വിദഗ്ധ തുടർചികിത്സയും സംഭവസ്ഥലം സന്ദർശിച്ച മന്ത്രി എ.കെ ശശീന്ദ്രൻ ഉറപ്പുനൽകിയിരുന്നുവെങ്കിലും സംഖ്യ പ്രഖ്യാപിക്കുകയാേ നൽകുകയോ ചെയ്തിട്ടില്ല. തുടർനടപടികളൊന്നും കൈക്കൊണ്ടിട്ടുമില്ല. ദുരന്തത്തിലകപ്പെട്ടവരോടുള്ള ഭരണകൂട സമീപനമാണ് ഇത് വ്യക്തമാക്കുന്നത്. സംഭവത്തിൽ വർഗ്ഗീയ മുതലെടുപ്പിനുള്ള ഗൂഢശ്രമങ്ങളും നടക്കുന്നുണ്ട്. മതം നോക്കിയാണ് സർക്കാർ ധനസഹായം നൽകുന്നതെന്ന ബി.ജെ.പി ജില്ലാ പ്രസിഡൻ്റിൻ്റെ പ്രസ്താവന വർഗ്ഗീയ ധ്രുവീകരണം ലക്ഷ്യം വെച്ചുള്ളതാണ്. കെ.പി മധുവിനെതിരെ ജമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുക്കണം. ഒൻപതുപേർക്ക് ദാരുണാന്ത്യം സംഭവിക്കുകയും അഞ്ചാളുകൾക്ക് ഗുരുതരമായ് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ MLAയും ജില്ലാ ഭരണകൂടവും തുടരുന്ന മൗനം ദുരൂഹവും സംശയാസ്പദവുമാണ്. സർക്കാർ അവഗണനയും നിഷേധാത്മക നിലപാടും അവസാനിപ്പിച്ച് അർഹമായ സഹായധനം ഉടൻ നൽകണമെന്നും അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രക്ഷോഭങ്ങളും സമരങ്ങളുമായി പാർട്ടി മുന്നിട്ടിറങ്ങുമെന്നും ധർണ്ണ ഉൽഘാടനം ചെയ്ത എസ്.ഡി.പി.ഐ ജില്ലാ കമ്മറ്റിയംഗം എ.യൂസഫ് പറഞ്ഞു.
മണ്ഡലം പ്രസിഡൻ്റ് നൗഫൽ പഞ്ചാരക്കൊല്ലി അദ്ധ്യക്ഷത വഹിച്ചു. റഫീഖ് തലപ്പുഴ, കെ.ഷൗക്കത്തലി സംസാരിച്ചു. മണ്ഡലം സെക്രട്ടറി ഉബൈദ് പീച്ചംങ്കോട് സ്വാഗതവും മുനീർ തരുവണ നന്ദിയും പറഞ്ഞു.