സൂക്ഷിക്കുക ഇല്ലെങ്കില്‍ മാട്രിമോണിയൽ ആപ്പും ആപ്പാകും; യുവതിയിൽ നിന്നും തട്ടിയെടുക്കാൻ ശ്രമിച്ചത് 45 ലക്ഷം രൂപ

Kerala

സാമൂഹിക മാധ്യമങ്ങളും മൊബൈൽ ആപ്പുകളും വെബ്സൈറ്റുകളും ഒക്കെയായി വെർച്വൽ ലോകം തുറന്നു തരുന്നത് സാധ്യതകളുടെ ഒരു വലിയ ലോകം തന്നെയാണ്. എന്നാൽ, ഓരോ ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് പിന്നിലും മറഞ്ഞിരിക്കുന്ന ചില തട്ടിപ്പുവീരന്മാരുണ്ടെന്ന് ഓര്‍ക്കണം. സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടുമെന്ന കാര്യത്തിൽ ഒരു തർക്കവും വേണ്ട. കഴിഞ്ഞ ദിവസം ഒരു യുവതി സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പ് സാമൂഹിക മാധ്യമ ഉപഭോക്താക്കളെ ഒന്നാകെ അമ്പരപ്പിച്ചിരിക്കുകയാണ്. ഒരു മാട്രിമോണിയൽ സൈറ്റ് വഴി തന്‍റെ കയ്യിൽ നിന്നും 45 ലക്ഷം രൂപ തട്ടിയെടുക്കാൻ ചിലർ ശ്രമിച്ചതിനെ കുറിച്ചായിരുന്നു യുവതിയുടെ കുറിപ്പ്.

ഷാദി ഡോട്ട് കോം തട്ടിപ്പ്’ എന്ന പേരിലാണ് യുവതി തനിക്കുണ്ടായ അനുഭവം വിവരിച്ചത്. പല മാട്രിമോണിയൽ സൈറ്റുകളിലും പ്രീമിയം ഉപഭോക്താക്കൾക്ക് പരസ്പരം കോൺടാക്ട് നമ്പറുകൾ ഉൾപ്പെടെ കാണാനും ചാറ്റ് ചെയ്യാനുള്ള അവസരമുണ്ട്. അത്തരത്തിൽ സൈറ്റിൽ നിന്നും യുവതിയുടെ മുഴുവൻ വിവരങ്ങളും കോൺടാക്ട് നമ്പറും ലഭിച്ച ഒരാൾ വാട്സാപ്പിലൂടെ അവരെ ബന്ധപ്പെട്ടു . ആദ്യ രണ്ട് ദിവസത്തെ സൗഹൃദ സംഭാഷണത്തിന് ശേഷം താൻ ആളുകളെ വിദേശത്തേക്ക് കുടിയേറാൻ സഹായിക്കുന്ന ഒരു കമ്പനിയിൽ ജോലി ചെയ്യുന്നുണ്ടെന്ന് ഇയാൾ യുവതിയെ ധരിപ്പിച്ചു. ഒപ്പം താൻ കാനഡയ്ക്ക് കുടിയിറാനുള്ള ശ്രമത്തിലാണ് ഇപ്പോഴൊന്നും അയാൾ പറഞ്ഞു. യുവതിയുടെ മാട്രിമോണിയൽ പ്രൊഫൈലിൽ താൻ വിദേശത്തേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നതായി പറഞ്ഞിരുന്നതിനാലാണ് ഈ കാര്യങ്ങളെല്ലാം ഇയാൾ യുവതിയെ ധരിപ്പിക്കാൻ കാരണമെന്നും താല്പര്യമുണ്ടെങ്കിൽ തന്‍റെ കമ്പനി വഴി വിദേശത്തേക്ക് പോകാനുള്ള അവസരം ഒരുക്കാമെന്നും ഇയാൾ യുവതിക്ക് വാഗ്ദാനം ചെയ്തു.

തുടർന്ന് ഇയാൾ താൻ ജോലി ചെയ്യുന്ന സ്ഥാപനം എന്ന പേരിൽ ഒരു കൺസൾട്ടൻസിയെ യുവതിക്ക് പരിചയപ്പെടുത്തിക്കൊടുത്തു. ഒട്ടും വൈകാതെ തന്നെ ആ സ്ഥാപനത്തിൽ നിന്നും ഒരു സ്ത്രീ യുവതിയെ വിളിക്കുകയും തന്‍റെ ജൂനിയർ ആയാണ് മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട ആൾ ജോലി ചെയ്യുന്നതെന്നും അറിയിച്ചു. തുടർന്ന് വിദേശത്തേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ 45 ലക്ഷം രൂപ തങ്ങളുടെ സ്ഥാപനത്തിൽ അടച്ചാൽ ബാക്കി മുഴുവൻ കാര്യങ്ങളും ചെയ്തു തന്നു കൊള്ളാമെന്ന് ഉറപ്പു നൽകി. എന്നാൽ അത്രയും തുക തന്‍റെ കൈവശമില്ല എന്ന് പറഞ്ഞുകൊണ്ട് യുവതി അവരുമായുള്ള സംഭാഷണം അവസാനിപ്പിച്ചു. പിന്നീട് വീണ്ടും അവരിൽ നിന്നും തുടർച്ചയായി ഫോൺ കോളുകൾ വന്നതോടെ തട്ടിപ്പ് മനസ്സിലാക്കിയ യുവതി ഇരുവരെയും ബ്ലോക്ക് ചെയ്തു. ഒരുപക്ഷേ താൻ അവരുടെ കെണിയിൽ വീണിരുന്നെങ്കിൽ തന്‍റെ സമ്പാദ്യം മുഴുവൻ തനിക്ക് നഷ്ടമായേനെയെന്നും യുവതി പോസ്റ്റിൽ കുറിച്ചു. ohjugnii എന്ന പേരിൽ ഉള്ള റെഡിറ്റ് അക്കൗണ്ടിൽ നിന്നുമാണ് ഈ തട്ടിപ്പിന്‍റെ കഥ പങ്കുവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *