താനൂർ കസ്റ്റഡി മരണം: താമിറിനെ അർദ്ധരാത്രിയിൽ കസ്റ്റഡിയിലെടുത്തെന്ന വാദം കള്ളം;​ ഗുരുതര ആരോപണവുമായി ​കുടുംബം

General

മലപ്പുറം: താനൂർ കസ്റ്റഡി മരണത്തിൽ ഗുരുതര ആരോപണവുമായി മരിച്ച താമിർ ജിഫ്രിയുടെ കുടുംബം. യുവാവിനെ താനൂരിൽ നിന്ന് അർധരാത്രിയിൽ കസ്റ്റഡിയിലെടുത്തെന്ന പൊലീസ് വാദം തെറ്റാണെന്നും ചേളാരിയിൽ നിന്നും വൈകീട്ട് അഞ്ചുമണിക്ക് കസ്റ്റഡിയിലെടുത്തിരുന്നെന്നും കുടുംബം പറയുന്നു. താമസസ്ഥലത്ത് നിന്നും അടിവസ്ത്രത്തിലാണ് ജിഫ്രിയെ കൊണ്ടു പോയതെന്നും ക്രൂരമായി മർദ്ദിച്ചെന്നും കുടുംബം ആരോപിക്കുന്നു.

ലഹരി മരുന്ന് കൈവശം വെച്ച താമിർ ജിഫ്രിയെയും മറ്റ് 4 പേരെയും താനൂർ ദേവദാർ പാലത്തിന് സമീപത്ത് വെച്ച് തിങ്കളാഴ്ച അർദ്ധരാത്രിയിൽ കസ്റ്റഡിയിലെടുത്തു എന്നായിരുന്നു പോലീസ് പറഞ്ഞത്. എന്നാൽ വൈകിട്ട് 5 മണിക്ക് ചേളാരിയിലെ താമസ സ്ഥലത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തതെന്ന് സുഹൃത്ത് വെളിപ്പെടുത്തിയെന്ന് സഹോദരൻ പറയുന്നു. പ്രശ്നങ്ങൾ ഒന്നും ഇല്ല എന്ന് പറഞ്ഞ് പിന്നീട് രാത്രി 11 മണിക്ക് താമർ ജിഫ്രി സുഹൃത്തിനെ വിളിച്ചിരുന്നെന്നും സഹോദരൻ പറഞ്ഞു.

പുലർച്ചെ മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ചിട്ടും ചൊവ്വാഴ്ച രാവിലെ പത്തരയോടെ മാത്രമാണ് വിവരം പോലീസ് ബന്ധുക്കളെ അറിയിച്ചത്. പോലീസിന്റെ ആദ്യ മറുപടികളിൽ വൈരുദ്ധ്യം ഉണ്ടായിരുന്നെന്നും ആരോപണമുണ്ട്. പരപ്പനങ്ങാടി മജിസ്ട്രേറ്റിന് ബന്ധുക്കൾ മൊഴി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണവും പുരോഗമിക്കുകയാണ്. ആരോപണ വിധേയരായ 8 പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു

Leave a Reply

Your email address will not be published. Required fields are marked *