അഹമ്മദാബാദ്: ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന 11 പ്രതികളേയും വിട്ടയച്ചു. ഗുജറാത്തിലെ ഗോധ്ര കലാപത്തിനിടെ കൂട്ടബലാത്സംഗവും കൊലപാതകവും നടത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട 11 പേരാണ് ജയിൽ മോചിതരായത്.
ശിക്ഷ ഇളവ് ചെയ്തുകൊണ്ടുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിക്ക് പിന്നാലെയാണ് മോചനം. പ്രതികള്‍ ഗോധ്രയിലെ സബ് ജയിലില്‍ നിന്ന് പുറത്തിറങ്ങി.
2008ലാണ് മുബൈ സിബിഐ കോടതി 11 പേർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കൂട്ടബലാത്സഗവും ബിൽക്കീസ് ബാനുവിന്റെ കുടുംബത്തിലെ ഏഴ് പേരെ കൊന്നതുമുൾപ്പെടെയുള്ള കേസുകളാണ് ചുമത്തിയത്. ജയിലിൽ 15 വർഷം പൂർത്തിയാക്കിയെന്നും അതിനാൽ വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളിലൊരാൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇവരെ വിട്ടയയ്ക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ സുപ്രീം കോടതി ഗുജറാത്ത് സർക്കാരിന് നിർദേശം നൽകി.
പഞ്ച്മഹൽ കലക്ടർ സുജൽ മയാത്ര അധ്യക്ഷനായി സമിതി രൂപീകരിച്ച് ഇവരെ വിട്ടയയ്ക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ സർക്കാർ നിർദേശിച്ചു. എല്ലാവരെയും വിട്ടയയ്ക്കാമെന്ന് സമിതി തീരുമാനിക്കുകയും നിർദേശം സർക്കാരിനെ അറിയിക്കുകയുമായിരുന്നു. ഇതോടെയാണ് ഇവർ മോചിതരായത്.
2002 മാർച്ചിൽ ഗോധ്ര കലാപത്തിന് ശേഷമുണ്ടായ ആക്രമണത്തിനിടെയാണ് അഞ്ച് മാസം ഗർഭിണിയായിരുന്ന ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ ഏഴ് പേരെ വധിക്കുകയും ചെയ്തത്. കുടുംബത്തിലെ മറ്റ് ആറ് പേർ ഓടി രക്ഷപ്പെടുകയായിരുന്നു. ആദ്യം കേസെടുക്കാതിരുന്ന പൊലീസ് 2004ലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസ് അട്ടിമറിക്കാൻ ഇടയുണ്ടെന്ന പരാതിയെത്തുടർന്ന് സുപ്രീം കോടതിയാണ് അഹമ്മദാബാദിൽ നിന്നു കേസ് മുംബൈയിലേക്ക് മാറ്റിയത്.