കുടിവെള്ളം നൽകിയില്ല, കുപ്പിവെള്ളം വാങ്ങണം; റസ്​റ്റാറന്‍റ്​ 3500 രൂപ നഷ്ടപരിഹാരം നൽകണമെന്ന്​ ഉത്തരവ്

Kerala

കൊച്ചി: ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിന് കുടിവെള്ളം നൽകാതിരുന്ന സംഭവത്തിൽ ആരോപണ വിധേയരായ റസ്​റ്റാറന്‍റ്​​ 3500 രൂപ നഷ്ടപരിഹാരം നൽകണമെന്ന്​ ജില്ല ഉപഭോക്തൃതർക്ക പരിഹാര കമീഷന്‍റെ ഉത്തരവ്​. 2016ൽ കുടുംബത്തോടൊപ്പം ഇടപ്പള്ളിയിലെ കെ.എഫ്.സി റസ്റ്റാറന്റിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോഴുണ്ടായ ദുരനുഭവം സംബന്ധിച്ച്​ തൃശൂർ സ്വദേശിനി അഡ്വ. ടി.കെ. കവിത നൽകിയ പരാതിയിലാണ്​ കമീഷൻ പ്രസിഡന്റ് ഡി.ബി. ബിനു, വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവരടങ്ങുന്ന ബെഞ്ചിന്‍റെ ഉത്തരവ്​.

.ഭക്ഷണം കഴിക്കുന്നതിനിടെ ഭർത്താവ്​ ചുമച്ചപ്പോൾ കുടിക്കാൻ വെള്ളം ചോദിച്ചെങ്കിലും നിഷേധിച്ചെന്നാണ് പരാതി. സൗജന്യമായി കുടിവെള്ളം നൽകുന്നത് റസ്‌റ്റാറന്റിന്റെ നയമല്ലെന്നും വെള്ളം ആവശ്യമെങ്കിൽ കൗണ്ടറിൽനിന്ന് വാങ്ങണമെന്നും അധികൃതർ പറഞ്ഞതായി ഹരജിക്കാരി ആരോപിച്ചു.

കുടിവെള്ളം നൽകാതെ കുപ്പിവെള്ളം വാങ്ങാൻ ഉപഭോക്താവിനെ നിർബന്ധിക്കുകയാണ് റസ്റ്റാറന്റ് അധികൃതർ ചെയ്തതെന്നും ഇതു നീതിയുക്തമായ കച്ചവട രീതിയല്ലെന്നും വിലയിരുത്തിയാണ് ഉപഭോക്തൃതർക്ക പരിഹാര കമീഷൻ നഷ്ടപരിഹാരത്തിന് ഉത്തരവിട്ടത്. കുടിവെള്ളം അടിസ്ഥാന ആവശ്യമാണെന്ന് ദേശീയ ഉപഭോക്തൃ കമീഷൻ വ്യക്തമാക്കിയിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *