മാനം തെളിഞ്ഞു; നിയന്ത്രണങ്ങൾ നീക്കി

Kerala

തൊടുപുഴ: പ്രതികൂല കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു. രാത്രിയാത്ര നിരോധനം ഒഴികെയുള്ള നിയന്ത്രണങ്ങൾ നീക്കിയാണ് കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചത്. ജില്ലയിൽ മഴയുടെ ശക്തികുറയുകയും ഓറഞ്ച്, റെഡ് അലർട്ടുകൾ നീങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.

കനത്ത മഴയിൽ മലയോര മേഖലയിൽ മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ നിലനിൽക്കുന്നത് കണക്കിലെടുത്ത് മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര, ഓഫ് റോഡ് ട്രക്കിങ്, ഖനന പ്രവർത്തനങ്ങൾ, ജലാശയങ്ങളിലെ മത്സ്യബന്ധനം, വിനോദസഞ്ചാര പ്രവർത്തനങ്ങൾ, സ്വകാര്യ മേഖലയിലേതടക്കം ബോട്ടിങ്ങുകൾ എന്നിവക്കാണ് മുൻകരുതൽ എന്ന നിലയിൽ വിലക്കേർപ്പെടുത്തിയിരുന്നത്.

ഇതിൽ രാത്രി യാത്ര നിരോധനം ഒഴികെ എല്ലാ നിയന്ത്രണങ്ങളും പിൻവലിച്ചു. എന്നാൽ റെഡ്, ഓറഞ്ച് മുന്നറിയിപ്പുകൾ ലഭിക്കുന്ന മുറക്ക് നിയന്ത്രണം തുടർന്നും ഏർപ്പെടുത്തുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. റോഡ് തകർന്നത് മൂലം ദേവികുളം താലൂക്കിലെ കുണ്ടള മുതൽ വട്ടവടവരെയും മൂന്നാർ ഗ്യാപ് റോഡ് ഭാഗത്തും പ്രാദേശികമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും തുടരും.

Leave a Reply

Your email address will not be published. Required fields are marked *