വയനാട് ജില്ലയില്‍ ആഫ്രിക്കന്‍ പന്നിപ്പനി മൂലം ഉന്‍മൂലനം ചെയ്യപ്പെട്ട പന്നികളുടെ ഉടമസ്ഥര്‍ക്കുള്ള ധനസഹായം വിതരണം ചെയ്തു. ഏഴ് കര്‍ഷകര്‍ക്കായി 37,07,751 രൂപയാണ് നഷ്ടപരിഹാരമായി നല്‍കിയത്. കല്‍പ്പറ്റ പി.ഡബ്യൂ.ഡി റസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ കര്‍ഷകര്‍ക്കുളള ചെക്ക് മൃഗസംരക്ഷണ- ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി കൈമാറി. തവിഞ്ഞാല്‍ മുല്ലപ്പറമ്പില്‍ എം.വി. വിന്‍സെന്റ് – 19,55,400, മാനന്തവാടി മൂത്തശ്ശേരി എം.ടി. ഷാജി – 2,35,000, മാനന്തവാടി വെളിയത്ത് കുര്യാക്കോസ് 2,23,800, മാനന്തവാടി പുത്തന്‍പുര പി.വി. വിപീഷ് – 2,08,200, ചുള്ളിയോട് മുച്ചിലോട്ട് എം.ബിജു – 9,26,951 , ചീരാല്‍ കരിംകുളത്തില്‍ കെ.ജി.കുര്യന്‍ – 1,04,600, ചീരാല്‍ അരീക്കാട്ടില്‍ പീതാംബരന്‍- 53,800 എന്നീ കര്‍ഷകര്‍ ക്കാണ് നഷ്ടപരിഹാര തുക നല്‍കിയത്. കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡം പ്രകാരമാണ് തുക കൈമാറിയത്. കേന്ദ്ര വിഹിതം ലഭിക്കുന്നതിന് കാത്തുനില്‍ക്കാതെ മൃഗസംരക്ഷണ വകുപ്പിന്റെ ജന്തു രോഗ നിയന്ത്രണത്തിനുളള കോര്‍പ്പസ് ഫണ്ടില്‍ നിന്നാണ് സംസ്ഥാന സര്‍ക്കാര്‍ മുഴുവന്‍ തുകയും അനുവദിച്ചത്.
ആഫ്രിക്കന്‍ പന്നിപ്പനി പ്രതിരോധത്തിനായി മാനന്തവാടി നഗരസഭയിലും തവിഞ്ഞാല്‍, നെന്മേനി ഗ്രാമപഞ്ചായത്തുകളിലുമായി 702 പന്നികളെയാണ് ഉന്‍മൂലനം ചെയ്തത്. ഭോപ്പാലിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസ് (NIHSAD) ലാബിലുള്ള പരിശോധനയിലാണ് വയനാട്ടില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചയുടന്‍ നാഷണല്‍ ആക്ഷന്‍ പ്ലാന്‍ പ്രകാരം മൃഗ സംരക്ഷണ വകുപ്പ് ദ്രുതഗതിയില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കുകയായിരുന്നു.