പൊലീസ് ജോലി രാജിവെച്ചു, ഇപ്പോൾ സ്വകാര്യ ചാനലിൽ ; ടിക്‌ടോക് താരം സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ചതിങ്ങനെ

Thiruvananthapuram

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ ടിക്‌ടോക് താരം വിനീത് പെണ്‍കുട്ടികളോടും യുവതികളോടും പറഞ്ഞിരുന്നത് തെറ്റായ വിവരങ്ങളാണെന്ന് പൊലീസ്. നേരത്തെ ഇയാള്‍ പൊലീസിലായിരുന്നുവെന്നും ഇപ്പോള്‍ സ്വകാര്യ ചാനലില്‍ ജോലി ചെയ്യുകയാണെന്നുമാണ് വിനീത് പറഞ്ഞിരുന്നത്. എന്നാല്‍, ഇയാള്‍ ജോലിയൊന്നും ചെയ്തിരുന്നില്ല.

പല സ്ത്രീകളുമായുള്ള സ്വകാര്യ വീഡിയോ ദൃശ്യങ്ങള്‍ വിനീതിന്റെ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടികളുമായി നടത്തുന്ന ചാറ്റുകളും സ്വകാര്യ ദൃശ്യങ്ങളും സ്‌ക്രീന്‍ റെക്കോര്‍ഡായും സ്‌ക്രീന്‍ ഷോട്ടുകളായും ടിക്‌ടോക് താരം സൂക്ഷിച്ചിരുന്നു.

നിലവില്‍ സമൂഹ്യമാധ്യമങ്ങളില്‍ വീഡിയോകള്‍ മാത്രം ചെയ്തിരുന്ന ഇയാള്‍ തനിക്ക് സ്വകാര്യ ചാനലില്‍ ജോലിയാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ചാറ്റ് ചെയ്തിരുന്നത്. സമൂഹ്യ മാധ്യമങ്ങളില്‍ ഇയാള്‍ നിരന്തരം വീഡിയോകള്‍ പങ്കുവെച്ചിരുന്നു. മീശ ഫാന്‍ ഗേള്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലും വിനീത് വീഡിയോകള്‍ അപ്‌ലോഡ് ചെയ്യാറുണ്ട്. വിനീത് തന്റെ ഔദ്യോഗിക അക്കൗണ്ടിലെ സ്റ്റാറ്റസുകളില്‍ മീശ ഫാന്‍ ഗേള്‍ എന്ന അക്കൗണ്ടുകളും ഇയാള്‍ മെന്‍ഷന്‍ ചെയ്താണ് ഉപയോഗിച്ചിരുന്നത്. നിരവധി പെണ്‍കുട്ടികള്‍ ഇയാളുടെ ആരാധകനായത് കൊണ്ട് തന്നെ ഇത് മുതലെടുത്തായിരുന്നു വിനീത് സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചിരുന്നത്. വിവാഹിതരായ സ്ത്രീകളുമായാണ് ടിക്‌ടോക് താരം കൂടുതല്‍ ബന്ധം സൂക്ഷിച്ചിരുന്നതെന്നാണ് പൊലീസ് കണ്ടെത്തൽ.

ഇന്‍സ്റ്റഗ്രാമില്‍ വൈറലാകാന്‍ വേണ്ടിയുള്ള ടിപ്‌സ് നൽകാമെന്ന് പറഞ്ഞാണ് ഇയാള്‍ സ്ത്രീകളെ സമീപിച്ചിരുന്നത്. ഇവരുമായി സൗഹൃദം സ്ഥാപിച്ച ശേഷം ദുരുപയോഗം ചെയ്യുകയായിരുന്നു ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. കലാ​രംഗത്തുള്ളവരെയും പെണ്‍കുട്ടികളെയുമാണ് ഇയാള്‍ പ്രധാനമായും ലക്ഷ്യംവെച്ചത്. നിരവധി ആരാധകരുള്ളത് കൊണ്ടാണ് ടിക്‌ടോക് താരത്തിന്റെ വലയില്‍ പെണ്‍കുട്ടികള്‍ വീണത്.

കോളേജ് വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഫോര്‍ട്ട് എസി ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം വിനീതിനെ പിടികൂടിയത്. കാര്‍ വാങ്ങിക്കാന്‍ ഒപ്പം വരണമെന്നാവശ്യപ്പെട്ട് കോളേജ് വിദ്യാര്‍ത്ഥിയെ കൂട്ടികൊണ്ടുപോയി ഒരു ഹോട്ടല്‍ മുറിയെടുത്ത് ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. വിനീതിന്റെ പേരില്‍ നേരത്തെയും കേസുകളുണ്ടായിരുന്നു. മോഷണക്കേസില്‍ കണ്‍ടോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലും അടിപിടി കേസില്‍ കിളിമാനൂര്‍ സ്റ്റേഷനിലും വിനീത് പ്രതിയായിരുന്നു. വിനീത് ഏതെങ്കിലും പെണ്‍കുട്ടികളെ ഫോണില്‍ ചിത്രീകരിച്ചിരിക്കുന്ന സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരുകയാണ്

Leave a Reply

Your email address will not be published. Required fields are marked *