ഇടുക്കി അണക്കെട്ട് ഇന്ന് തുറക്കും

Kerala

തൊടുപുഴ: ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട് ഞായറാഴ്ച രാവിലെ 10ന് തുറക്കും. ഡാമിന്റെ ഒരു ഷട്ടര്‍ 70 സെന്റിമീറ്റര്‍ ഉയര്‍ത്തി 50 ക്യുമെക്‌സ് ജലം ഒഴുക്കി വിടാനാണ് തീരുമാനം…..

ജലനിരപ്പ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിലും മഴ തുടരുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പിന്‍റെയും പശ്ചാത്തലത്തിലാണ് ഡാം തുറക്കൽ. വെള്ളിയാഴ്ച രാത്രി ജലനിരപ്പ് 2381.53 അടിയെത്തിയപ്പോൾ ഓറഞ്ച് അലർട്ടും ശനിയാഴ്ച രാവിലെ 7.30ന് ജലനിരപ്പ് 2382.53 അടിയിലെത്തിയപ്പോൾ റെഡ് അലർട്ടും പ്രഖ്യാപിച്ചിരുന്നു.

ശനിയാഴ്ച വൈകീട്ടത്തെ കണക്കുപ്രകാരം 2383.10 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. സംഭരണശേഷിയുടെ 77.25 ശതമാനമാണിത്. 2403 അടിയാണ് പരമാവധി സംഭരണശേഷി. നിലവിൽ 2383.53 അടിയാണ് അപ്പർ റൂൾ ലെവൽ. ശനിയാഴ്ച രാവിലെവരെയുള്ള 24 മണിക്കൂറിൽ 38.6 മില്ലിമീറ്റർ മഴയാണ് വൃഷ്ടിപ്രദേശത്ത് പെയ്തത്. അണക്കെട്ട് തുറക്കുന്നതിന്‍റെ മുന്‍കരുതലെന്ന നിലയില്‍ 79 വീടുകളില്‍ നോട്ടീസ് നൽകിയിട്ടുണ്ട്.

ഇടുക്കി, കഞ്ഞിക്കുഴി, ഉപ്പുത്തോട്, തങ്കമണി വാത്തിക്കുടി, എന്നീ അഞ്ചു വില്ലേജുകളിലൂടെയും വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, കൊന്നത്തടി, വാത്തിക്കുടി എന്നീ പഞ്ചായത്ത് പരിധികളിലൂടെയുമാണ് വെള്ളമൊഴുകുന്നത്. ഇവിടങ്ങളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. പെരിയാറിന്‍റെ ഇരുകരയിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ഡാം തുറക്കുന്ന സമയം വെള്ളപ്പാച്ചില്‍ ഉണ്ടാകുന്ന സ്ഥലങ്ങളിലെ പുഴ മുറിച്ചു കടക്കുന്നതും ഈ സ്ഥലങ്ങളിലെ മീന്‍പിടിത്തവും നിരോധിച്ചതായും ഇടുക്കി ജില്ല ഭരണകൂടം അറിയിച്ചു.

ഷട്ടറുകൾ തുറന്നാൽ വെള്ളം ആദ്യമെത്തുക ചെറുതോണിപ്പുഴയിലും തുടർന്ന് കരിമ്പൻ ചപ്പാത്തിലൂടെ ലോവർപെരിയാർ അണക്കെട്ടിലുമാണ്. ഇവിടെ നിന്ന് ഭൂതത്താൻകെട്ട് ഡാമിലൂടെ മലയാറ്റൂർ, കാലടി, ആലുവവഴി വരാപ്പുഴ കായലിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *