ന്യൂഡൽഹി: ഇന്ധനവില കൂട്ടാത്തതിനെ തുടർന്ന് റെക്കോർഡ് നഷ്ടം നേരിട്ട് ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്. 10,196.94 കോടിയുടെ നഷ്ടമാണ് എച്ച്.പി.സി.എല്ലിനുണ്ടായത്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിലാണ് കമ്പനി കനത്ത നഷ്ടം നേരിട്ടത്. കഴിഞ്ഞ വർഷം ഇതേക്കാലയളവിൽ 1,795 കോടി ലാഭമുണ്ടായ സ്ഥാനത്താണിത്. സ്റ്റോക്ക് എക്സ്ചേഞ്ചിലാണ് എച്ച്.പി.സി.എൽ ഇക്കാര്യം അറിയിച്ചത്.
പണപ്പെരുപ്പം പിടിച്ചുനിർത്തുന്ന സർക്കാറിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് എച്ച്.പി.സി.എല്ലിന് പുറമേ ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എന്നീ കമ്പനികളെല്ലാം കഴിഞ്ഞ കുറേ ദിവസങ്ങളായി ഇന്ധനവില വർധിപ്പിച്ചിരുന്നില്ല. ഇന്ധനവില കൂടി കൂട്ടിയാൽ പണപ്പെരുപ്പം വൻതോതിൽ ഉയരുമായിരുന്നു. ഇത് തടയുന്നതിനായിരുന്നു കമ്പനികളുടെ നടപടി. അതേസമയം, ഇക്കാലയളവിൽ റഷ്യയിൽ നിന്നും കുറഞ്ഞ നിരക്കിൽ കമ്പനികൾക്ക് എണ്ണ ലഭിച്ചിരുന്നു.
ബാരലിന് 109 ഡോളറിന്റെ വാങ്ങുന്ന എണ്ണ 85 മുതൽ 86 ബാരലിനാണ് റീടെയിൽ വിപണിയിൽ വിൽക്കുന്നതെന്നാണ് എണ്ണ കമ്പനികളുടെ അവകാശവാദം. നേരത്തെ ഐ.ഒ.സിക്ക് നഷ്ടം നേരിട്ടിരുന്നു 1,992.53 കോടിയുടെ നഷ്ടമാണ് ഐ.ഒ.സിക്ക് ഉണ്ടായത്.