ദില്ലി: ദേശീയ പെൻഷൻ വ്യവസ്ഥയിൽ (National Pension System) മാറ്റം വരുത്തി പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി. എൻപിഎസ് (NPS) അക്കൗണ്ടുകളിലേക്ക് ടയർ-2 നിക്ഷേപത്തിനായി ഇനി ക്രെഡിറ്റ് കാർഡ് (Credit Card) ഉപയോഗിക്കാൻ സാധിക്കില്ല. ടയർ 1 നിക്ഷേപത്തിനായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് തുടരാം.
എന്താണ് ടയർ 1 ടയർ 2 അക്കൗണ്ട്?
ദേശീയ പെൻഷൻ പദ്ധതി പ്രകാരം റിട്ടയർമെന്റ് കാലത്തേക്ക് സമ്പാദ്യം സൂക്ഷിക്കുന്നതിനുള്ള അക്കൗണ്ടാണ് ടയർ 1 . എന്നാൽ ടയർ 2 അക്കൗണ്ട് എന്നാൽ സേവിങ്സ് അക്കൗണ്ടാണ്. എന്നാൽ ഇവയെ വേറിട്ട നിർത്തുന്നത് എന്താണെന്നാൽ, ടയർ 1 അക്കൗണ്ട് ഉള്ളവർക്ക് മാത്രമേ ടയർ 2 അക്കൗണ്ട് തുറക്കാൻ സാധിക്കുകയുള്ളു.
എന്തുകൊണ്ട് ക്രെഡിറ്റ് കാർഡ് പേയ്മെന്റ് വേണ്ട?
ക്രെഡിറ്റ് കാർഡ് പണം ഉപയോഗിക്കുക എന്നത്കൊണ്ട് അർത്ഥമാക്കുന്നത് വായ്പയെടുത്ത പണം ഉപോയോഗിക്കുക എന്നുള്ളത് തന്നെയാണ്. ക്രെഡിറ്റ് കാർഡിലേത് പൊതുവെ ഉയർന്ന പലിശയുള്ള പണമായതിനാൽ തന്നെ പൊതുവെ പല നിക്ഷേപ പദ്ധതികളും ക്രെഡിറ്റ് കാർഡ് പേയ്‌മെന്റിനെ പ്രോത്സാഹിപ്പിക്കാറില്ല. അതായത് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തുന്ന പേയ്മെന്റിന് ജിഎസ്ടിക്ക് പുറമെ 0.6 ശതമാനം തുക അധികചാർജായി നൽകണം.മ്യൂച്വൽ ഫണ്ടുകൾ, ഓഹരി വിപണികൾ എന്നിവയിൽ പേയ്മെന്റ് നടത്താനായി ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നത് പൊതുവെ പ്രോത്സാഹിക്കപ്പെടാറില്ല.
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നിക്ഷേപിക്കാൻ അക്കൗണ്ട് ഉടമകളെ അനുവദിച്ച ഒരേയൊരു സേവിംഗ് പദ്ധതിയായിരുന്നു എൻപിഎസ്. ഇ- എൻപിഎസ് പോർട്ടലിലൂടെ നിക്ഷേപകർക്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നിക്ഷേപം നടത്താമായിരുന്നു. ടയർ-I അക്കൗണ്ടിന് ക്രെഡിറ്റ് കാർഡ് പേയ്‌മെന്റ് സൗകര്യം ഇപ്പോഴും ലഭ്യമാണെങ്കിലും, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നിങ്ങൾക്ക് എൻപിഎസ് ടയർ-II അക്കൗണ്ടിലേക്ക് നിക്ഷേപിക്കാൻ കഴിയില്ല.