തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശന അപേക്ഷയില്‍ തിരുത്തല്‍ വരുത്താനുള്ള സമയം തിങ്കളാഴ്ച 5 മണി വരെ നീട്ടി. ഇന്ന് വൈകുന്നേരം 5 മണിവരെയാണ് തിരുത്തലുകള്‍ വരുത്താന്‍ നേരത്തെ സമയം അനുവദിച്ചിരുന്നത്.
എന്നാല്‍ ഇന്ന് ഞായറാഴ്ച കൂടി ആയതോടെ വിദ്യാര്‍ഥികള്‍ക്ക് ഉണ്ടാവാനിടയുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് സമയം നീട്ടിയതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് ട്രയല്‍ അലോട്‌മെന്റ് പ്രസിദ്ധീകരിച്ചത്. എന്നാല്‍ വെബ്‌സൈറ്റിനുണ്ടായ തകരാര്‍ പരിഹരിച്ചത് ശനിയാഴ്ച ഉച്ചയോടെ്.
വീട്ടില്‍ കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് അപേക്ഷയില്‍ മാറ്റങ്ങള്‍ വരുത്താന്‍ അക്ഷയ കേന്ദ്രങ്ങളും ഇന്റര്‍നെറ്റ് കഫേകളും മറ്റുമാണ് ആശ്രയം.അവസാന ദിവസമായിരുന്ന ഇന്ന് ഞായര്‍ ആയതിനാല്‍ കുട്ടികള്‍ക്ക് സൗകര്യം ലഭ്യമാകുമോ എന്ന ആശങ്ക ഉണ്ടായിരുന്നു.
ശനിയാഴ്ച ഉച്ചവരെ 1,76,076 പേര്‍ അലോട്‌മെന്റ് പരിശോധിക്കുകയും 47,395 പേര്‍ അപേക്ഷയില്‍ മാറ്റം വരുത്തുകയും ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.