ബിർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ബിന്ധ്യറാണിയിലൂടെ ഇന്ത്യക്ക് നാലാം മെഡൽ. 55 കിലോ ഭാരോദ്വഹനത്തിലാണ് ബിന്ധ്യ വെള്ളി നേടിയത്. മത്സരത്തിൽ നാടകീയമായാണ് ബിന്ധ്യ വെള്ളി മെഡലിലേക്ക് കുതിച്ചത്….
രണ്ടാം റൗണ്ടിൽ 114 കിലോ ഭാരം ഉയർത്താനുള്ള ബിന്ധ്യയുടെ ശ്രമം പരാജയപ്പെട്ടതോടെ അവരുടെ നേട്ടം വെങ്കലമെഡലിൽ ഒതുങ്ങുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാൽ, മൂന്നാം റൗണ്ടിൽ 116 കിലോ ഉയർത്തി അവർ രണ്ടാം സ്ഥാനത്തേക്ക് കുതിക്കുകയായിരുന്നു. സ്വർണമെഡൽ നേടിയ നൈജീരിയയുടെ അദിജാത് ഒലാറിയ ബിന്ധ്യയേക്കാൾ ഒരു കിലോ ഗ്രാം മാത്രമാണ് അധികം ഉയർത്തിയത്.
ഒലാറിയ 203 കിലോ ഉയർത്തിയപ്പോൾ ബിന്ധ്യ 202 കിലോ ഉയർത്തി. ഇംഗ്ലണ്ടിന്റെ ഫറേ മൊറോക്കാണ് ഈയിനത്തിൽ വെങ്കലം. 198 കിലോയാണ് മൊറോ ഉയർത്തിയത്. നേരത്തെ മീരാബായ് ചാനുവിലൂടെ ഭാരോദ്വഹനത്തിൽ ഇന്ത്യ ആദ്യ സ്വർണം നേടിയിരുന്നു. ഭാരോദ്വഹനത്തിൽ സങ്കേത് സർക്കാർ വെള്ളിയും ഗുരുരാജ പൂജാരി വെങ്കലവും നേടിയിരുന്നു.