മുംബൈ: സൂപ്പർ സണ്ടേയിലെ മറ്റൊരു സൂപ്പർ പോരാട്ടത്തിൽ ഡൽഹി ക്യാപ്റ്റൽസിന് വമ്പൻ ജയം. 44 റൺസിനാണ് അവർ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തകർത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ഓപ്പണർമാരായ പൃഥ്വി ഷായുടേയും ഡേവിഡ് വാർണറുടേയും വെടിക്കെട്ട് ഇന്നിങ്സിന്‍റെ കരുത്തിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 215 റൺസെടുത്തു. ഡൽഹി ഉയർത്തിയ വമ്പൻ സ്കോറിന് മറുപടി പറഞ്ഞ കോൽക്കത്ത 19.4 ഓവറിൽ 171 റൺസിന് എല്ലാവരും പുറത്തായി.
നാല് ഓവറിൽ 35 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടിയ കുൽദീപ് യാദവും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഖലീൽ അഹമ്മദുമാണ് കോൽക്കത്തൻ ബാറ്റിങ്നിരയെ തകർത്തെറിഞ്ഞത്. അർധസെഞ്ചുറി പൂർത്തിയാക്കിയ നായകൻ ശ്രേയസ് അയ്യരാണ് (54) ടോപ് സ്കോറർ. നിതീഷ് റാണയും (30) ആന്ദ്രേ റസലും (24) നടത്തിയ പ്രകടനം ഡൽഹിയുടെ വമ്പൻ സ്കോറിനെ മറികടക്കാൻ സഹായിച്ചില്ല.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി ഓപ്പണര്‍മാരായ പൃഥ്വി ഷായുടെയും ഡേവിഡ് വാര്‍ണറുടെയും ഇന്നിങ്‌സ് മികവില്‍ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെടുത്തു. 45 പന്തില്‍ നിന്ന് രണ്ട് സിക്‌സും ആറ് ഫോറുമടക്കം 61 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും 8.4 ഓവറില്‍ 93 റണ്‍സ് അടിച്ചുകൂട്ടി. കഴിഞ്ഞ മത്സരത്തിലെ ഫോം തുടര്‍ന്ന ഷാ 29 പന്തില്‍ നിന്ന് രണ്ട് സിക്‌സും ഏഴ് ഫോറുമടക്കം 51 റണ്‍സടിച്ചു. ഒമ്പതാം ഓവറില്‍ ഷായെ വീഴ്ത്തി വരുണ്‍ ചക്രവര്‍ത്തിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
തുടര്‍ന്ന് ക്രീസിലെത്തിയ ക്യാപ്റ്റന്‍ ഋഷഭ് പന്തും കൊല്‍ക്കത്ത ബൗളര്‍മാര്‍ക്കെതിരേ ആക്രമണമഴിച്ചുവിട്ടു. 14 പന്തില്‍ നിന്ന് രണ്ട് വീതം സിക്‌സും ഫോറുമടക്കം 27 റണ്‍സെടുത്ത് മടങ്ങിയ പന്ത്, വാര്‍ണര്‍ക്കൊപ്പം രണ്ടാം വിക്കറ്റില്‍ 55 റണ്‍സിന്‍റെ കൂട്ടുകെട്ടും പടുത്തുയര്‍ത്തി.
തുടര്‍ന്നെത്തിയ ലളിത് യാദവ് (1), റോവ്മാന്‍ പവല്‍ (8) എന്നിവര്‍ നിരാശപ്പെടുത്തി. എന്നാല്‍ പിന്നീട് ക്രീസില്‍ ഒന്നിച്ച അക്ഷര്‍ പട്ടേലും ശാര്‍ദുല്‍ താക്കൂറും ചേര്‍ന്ന് ഡല്‍ഹിയെ 200 കടത്തുകയായിരുന്നു. അക്ഷര്‍ 14 പന്തില്‍ നിന്ന് 22 റണ്‍സും താക്കൂര്‍ 11 പന്തില്‍ നിന്ന് 29 റണ്‍സും അടിച്ചെടുത്തു.
കോല്‍ക്കത്ത ബൗളിങ് നിരയില്‍ സുനില്‍ നരെയ്‌നൊഴികെയുള്ളവരെല്ലാം ഡൽഹി ബാറ്റർമാരുടെ പ്രഹരമേറ്റുവാങ്ങി. നരെയ്ന്‍ നാല് ഓവറില്‍ 21 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി. പാറ്റ് കമ്മിന്‍സ് ഈ മത്സരത്തിലും 50-ലേറെ റണ്‍സ് വഴങ്ങി.