തിരുവനന്തപുരം: വ്യാഴാഴ്ച തുടങ്ങുന്ന എസ്.എസ്.എൽ.സി പരീക്ഷകൾ, ബുധനാഴ്ച ആരംഭിക്കുന്ന രണ്ടാംവർഷ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ എന്നീ പരീക്ഷകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്തസമ്മേളനത്തിൽ അറിയിച്ചു. മൂന്ന് പരീക്ഷക്കുമായി 8,91,373 വിദ്യാർഥികളാണ് രജിസ്റ്റർ ചെയ്തത്.
ചോദ്യപേപ്പറുകൾ ട്രഷറി/ബാങ്കുകളിലെ സുരക്ഷ മുറികളിലേക്കും പരീക്ഷ കേന്ദ്രങ്ങളിലേക്കും മാറ്റിത്തുടങ്ങി. മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെയാണ് എസ്.എസ്.എൽ.സി പരീക്ഷ. െഎ.ടി പ്രാക്ടിക്കൽ പരീക്ഷ മേയ് മൂന്ന് മുതൽ പത്ത് വരെയാണ്. റെഗുലർ വിഭാഗത്തിൽ 426999ഉം പ്രൈവറ്റായി 408 പേരും പരീക്ഷയെഴുതും. 2962 പരീക്ഷ കേന്ദ്രങ്ങളുണ്ടാകും. ഗൾഫിലും ലക്ഷദ്വീപിലും ഒമ്പത് വീതം കേന്ദ്രങ്ങളിലായി യഥാക്രമം 574ഉം 882ഉം കുട്ടികൾ പരീക്ഷയെഴുതും.
മാർച്ച് 30 മുതൽ ഏപ്രിൽ 26 വരെയാണ് ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷ. ഹയർ സെക്കൻഡറി പ്രാക്ടിക്കൽ മേയ് മൂന്ന് മുതൽ നടക്കും. ഹയർ സെക്കൻഡറിയിൽ 2005 കേന്ദ്രങ്ങളിലായി റെഗുലർ വിഭാഗത്തിൽ 365871ഉം പ്രൈവറ്റായി 207678ഉം ഒാപൺ സ്കൂളിന് കീഴിൽ 45797 പേരും പരീക്ഷയെഴുതും. ഗൾഫിൽ എട്ട് കേന്ദ്രങ്ങളിലായി 474ഉം ലക്ഷദ്വീപിൽ ഒമ്പതിടങ്ങളിലായി 1173 പേരും മാഹിയിൽ 689 പേരും പരീക്ഷയെഴുതും.