ബാസൽ: വനിതാ സിംഗിൾസ് ഫൈനലിൽ തായ്ലൻഡിന്റെ ബുസാനൻ ഒങ്ബാംറുങ്ഫാനെ പരാജയപ്പെടുത്തികൊണ്ട് പി.വി.സിന്ധു സ്വിസ് ഓപ്പൺ ബാഡ്മിന്റൺ കിരീടം നേടി. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു സിന്ധുവിന്റെ വിജയം. സ്കോർ: 21-16,21-8.സിന്ധുവിന്റെ ആദ്യ സ്വിസ് ഓപ്പൺ കിരീടവും സീസണിലെ രണ്ടാം കിരീടവുമാണിത്. കഴിഞ്ഞ വർഷവും സ്വിസ് ഓപ്പൺ ഫൈനലിലെത്തിയിരുന്നു. എന്നാൽ ഒളിമ്പിക് ജേത്രി കരോലിന മാരിനോട് പരാജയപ്പെടുകയായിരുന്നു.
ഇത്തവണ നാലാം സീഡായ തായ് ലൻഡ് താരത്തിന് ഒരു അവസരവും നൽകാതെയാണ് സിന്ധുവിന്റെ വിജയം. മത്സരം 49 മിനിറ്റിനുള്ളിൽ അവസാനിച്ചു. 2019-ൽ ലോക ചാമ്പ്യൻഷിപ്പിൽ സിന്ധു സ്വർണം കഴുത്തിലണിഞ്ഞതും ഇതേ വേദിയിലായിരുന്നു.ബുസാനനെതിരേ 17 തവണ ഏറ്റുമുട്ടിയതിൽ 16 തവണയും വിജയം സിന്ധുവിന് ഒപ്പമായിരുന്നു. 2019-ലെ ഹോങ്കോങ് ഓപ്പണിൽ മാത്രമാണ് ബുസാനനോട് തോറ്റത്.
അതേസമയം പുരുഷൻമാരുടെ സിംഗിൾസിൽ ഇന്ത്യൻ താരം എച്ച്.എസ് പ്രണോയ് പരാജയപ്പെട്ടു. ലോക റാങ്കിങ്ങിൽ എട്ടാം സ്ഥാനത്തുള്ള ഇൻഡൊനേഷ്യൻ താരം ജൊനാഥൻ ക്രിസ്റ്റിയാണ് പ്രണോയിയെ തോൽപ്പിച്ചത്.24-ാം റാങ്കുകാരനായ പ്രണോയിക്ക് ഒരു ഘട്ടത്തിൽപോലും തിരിച്ചടിക്കാനായില്ല. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ജൊനാഥന്റെ വിജയം. സ്കോർ: 12-21,18-21.