അഗളി: അട്ടപ്പാടി മുള്ളി വഴി മഞ്ചൂർ, ഊട്ടി, കിണ്ണക്കര തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള വഴിയടച്ച് തമിഴ്നാട് വനം വകുപ്പ്. ഇതോടെ സംസ്ഥാനത്തുനിന്ന് അട്ടപ്പാടി വഴി നീലഗിരി, ഊട്ടി പ്രദേശങ്ങൾ സന്ദർശിക്കാനെത്തുന്ന സഞ്ചാരികൾ അതിർത്തിയിലെത്തി നിരാശരായി മടങ്ങേണ്ടിവരുകയാണ്.
അട്ടപ്പാടിയിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. മുള്ളി ചെക്ക്പോസ്റ്റ് മുതൽ മഞ്ചൂർ വരെ പ്രദേശം തമിഴ്നാട് വനം വകുപ്പിന് കീഴിലാണുള്ളത്. നേരത്തേ ചെറിയ തുക യാത്രക്കാരിൽനിന്ന് ഈടാക്കി ചെക്ക്പോസ്റ്റ് അധികൃതർ കടത്തിവിട്ടിരുന്നു. ഒന്നര വർഷം മുമ്പ് തമിഴ്നാട് ഇത് നിയമപരമായി ഗതാഗതത്തിന് തുറന്നുകൊടുക്കുകയും റോഡിന്‍റെ അറ്റകുറ്റപ്പണികൾ തീർക്കുകയും ചെയ്തു.