കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ നിയന്ത്രണത്തിലുള്ള കാരുണ്യ ഫാർമസികളിൽ മരുന്നുകൾ എത്തിക്കാനുള്ള നടപടികൾ തുടങ്ങിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
കെഎംഎസ്സിഎല്ലിന് കുറെയേറെ പണം കിട്ടാനുണ്ട്. അത് കിട്ടിത്തുടങ്ങിയതിനാൽ ആ പണം ഉപയോഗിച്ച് മരുന്ന് കമ്പനികളുടെ മൂന്നുവർഷമായുള്ള കുടിശ്ശിക കൊടുത്തുതീർക്കാൻ കെഎംഎസ്സിഎൽ എംഡിക്ക് നിർദേശം നൽകിക്കഴിഞ്ഞു. അത് ഈയാഴ്ചതന്നെ കാരുണ്യ ഫാർമസിയിൽ പ്രതിഫലിക്കുമെന്ന് മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ കാരുണ്യ ഫാർമസികളെ നോർത്ത്, സൗത്ത് എന്നിങ്ങനെ രണ്ടായി തിരിച്ച് എല്ലായിടത്തെയും പ്രശ്നങ്ങൾ പഠിച്ച് 10 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ രണ്ട് ഡെപ്യുട്ടി മാനെജർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.