IPL ക്രിക്കറ്റ് പതിനഞ്ചാം സീസണ് നാളെ കൊടിയേറും. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായി ഏറ്റുമുട്ടും.10 ടീമുകൾ ഉൾപ്പെടുന്ന ഇത്തവണത്തെ സീസണിൽ 70 ലീഗ് മത്സരങ്ങളടക്കം 74 മത്സരങ്ങളാണ് ഉണ്ടാകുക.
10 ടീമുകളെ അഞ്ചു വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് ഇത്തവണ മത്സരങ്ങൾ.മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ്, ഡൽഹി ക്യാപ്പിറ്റൽസ്, ലഖ്നൗ സൂപ്പർ ജയന്റ്സ് എന്നീ ടീമുകൾ ഗ്രൂപ്പ് എയിലും ചെന്നൈ സൂപ്പർ കിങ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, പഞ്ചാബ് കിങ്സ്, ഗുജറാത്ത് ടൈറ്റൻസ് ടീമുകൾ ഗ്രൂപ്പ് ബിയിലുമാണ്.
ഓരോ ടീമും കിരീടം നേടിയതിന്റെയും , ഫൈനൽ കളിച്ചതിന്റെയും അടിസ്ഥാനത്തിലാണ് ഗ്രൂപ്പുകളിലായി തിരിച്ചത്. ഓരോ ഗ്രൂപ്പിലെയും ടീമുകൾ അതത് ഗ്രൂപ്പിലെ ബാക്കി നാല് ടീമുകളുമായി ഹോം, എവേ മത്സരങ്ങൾ കളിക്കും.ഏകീകരിച്ച ഒരൊറ്റ പോയന്റ് ടേബിളായിരിക്കും ഇതിനായി ഉണ്ടാവുക.ഓരോ ടീമും സീഡിങ് പ്രകാരം അടുത്ത ഗ്രൂപ്പിലെ അതേ സ്ഥാനത്തുള്ള ടീമുമായി രണ്ടു മത്സരങ്ങൾ വീതം കളിക്കണം. ഇതിനൊപ്പം ശേഷിച്ച ടീമുകളുമായി ഓരോ മത്സരം വീതവും ഉണ്ടാകും.ഇത്തരത്തിൽ ഓരോ ടീമിനും 14 മത്സരങ്ങൾ വീതമാകും ഉണ്ടാകുക. ഏതായാലും അതിവേഗ ക്രിക്കറ്റ് പ്രേമികൾക്ക് ഇനിയുള്ള രണ്ട് മാസക്കാലം ഐ പി എൽ ആവേശ രാവുകളാണ്.