അരക്ഷിതാവസ്ഥ ഒഴിവാക്കാന്‍ കുടുംബാംഗങ്ങള്‍ സാമ്പത്തിക അച്ചടക്കം പാലിക്കണം – വനിത കമ്മീഷന്‍

Wayanad

കുടുംബാന്തരീക്ഷങ്ങളില്‍ സാമ്പത്തിക അരാജകത്വം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കുടുംബാംഗങ്ങള്‍ സാമ്പത്തിക അച്ചടക്കം പാലിക്കണമെന്ന്‌ വനിത കമ്മീഷന്‍ അംഗം അഡ്വ.എം.എസ്. താര പറഞ്ഞു. വയനാട് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിത കമ്മീഷന്‍ അദാലത്തില്‍ കേസുകള്‍ പരിഗണിച്ച് സംസാരിക്കുകയായിരുന്നു അവര്‍. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ സ്ത്രീകള്‍ നടപടികള്‍ നേരിടേണ്ടി വരുന്ന കേസുകളുടെ എണ്ണം വയനാട് ജില്ലയിലും വര്‍ദ്ധിച്ചു വരുന്നതായി കാണുന്നു. പലപ്പോഴും ധനകാര്യ സ്ഥാപനങ്ങള്‍ സ്ത്രീകളെ മുന്‍നിര്‍ത്തി നല്‍കുന്ന വായ്പകളുടെ തിരിച്ചടവ് മുടങ്ങുന്നത് മൂലമാണ് സ്ത്രീകള്‍ നിയമ നടപടികള്‍ക്ക് വിധേയരാകേണ്ടി വരുന്നത്. ഈ സാഹചര്യത്തില്‍ കുടുംബാംഗങ്ങള്‍ സാമ്പത്തിക പരിമിതികള്‍ മനസിലാക്കി ജീവിക്കാന്‍ തയ്യാറായാല്‍ പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ ചെറുക്കാന്‍ സാധിക്കുമെന്നും കമ്മീഷന്‍ പറഞ്ഞു.

കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ആദാലത്തില്‍ 25 പരാതികള്‍ കമ്മീഷന്‍ പരിഗണിച്ചു. 6 പരാതികള്‍ പരിഹരിച്ചു. 19 എണ്ണം അടുത്ത അദാലത്തില്‍ വിണ്ടും പരിഗണിക്കും. അദാലത്തില്‍ അഡ്വക്കറ്റുമാരായ ഓമന വര്‍ഗീസ്, മിനി മാത്യൂസ് തുടങ്ങിയവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *