സമൂഹത്തിൽ നടമാടുന്ന ക്രിമിനൽ കുറ്റകൃത്യത്തിന് ജയിൽ ശിക്ഷ മാത്രമല്ല പ്രതിവിധി. നല്ലനടപ്പു നിയമവും, സാമൂഹിക പ്രതിരോധ സേവനങ്ങളും ഇതിൻ്റെ ഭാഗമാണെന്ന് പ്രൊബേഷൻ പക്ഷാചരണ മാധ്യമ ശിൽപശാല ചർച്ച ചെയ്തു. സാമൂഹ്യ നീതി വകുപ്പ് , പ്രൊബേഷൻ ഓഫീസ്, പ്രസ് ക്ലബ്ബ് എന്നിവർ സംയുക്തമായി നടത്തിയ പ്രൊബേഷൻ പക്ഷാചരണ മാധ്യമ ശിൽപശാല കൽപ്പറ്റ ഡി.വൈ.എസ്.പി എം ഡി സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. സാഹചര്യങ്ങൾ കൊണ്ട് ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു പോയവരെ ജയിലിൽ അടക്കാതെ തന്നെ തെറ്റ് തിരുത്താനുള്ള അവസരം നല്ലനടപ്പ് നിയമത്തിലൂടെ നൽകുന്നതിലൂടെ കുറ്റകൃത്യങ്ങളുടെ എണ്ണം കുറയ്ക്കുവാൻ സാധിക്കുമെന്ന് ഡി.വൈ.എസ്.പി എം.ഡി സുനിൽ കുമാർ അഭിപ്രായപ്പെട്ടു. പ്രൊബേഷൻ സംവിധാനം എന്ന വിഷയത്തിൽ ജില്ലാ പ്രൊബേഷൻ ഓഫീസ് റിസോഴ്സ് പേഴ്സൺ മജേഷ് രാമൻ, സാമൂഹ്യനീതി വകുപ്പിൻ്റെ സേവനങ്ങൾ എന്ന വിഷയത്തിൽ റിസോഴ്സ് പേഴ്സൺ ജിബിൻ. കെ. ഏലിയാസ് തുടങ്ങിയവർ വിഷയാവതരണം നടത്തി. പ്രസ് ക്ലബ് പ്രസിഡണ്ട് കെ. സജീവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പ്രൊബേഷൻ ഓഫീസർ കെ. കെ. പ്രജിത്ത്, പ്രൊബേഷൻ അസിസ്റ്റൻ്റ് പി. മുഹമ്മദ് അജ്മൽ, പ്രസ് ക്ലബ് സെക്രട്ടറി നിസ്സാം. കെ. അബ്ദുള്ള തുടങ്ങിയവർ പങ്കെടുത്തു.