ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള ബിൽ ലോക്സഭ പാസാക്കി. ബില്ലിന്മേൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടയിൽ ശബ്ദ വോട്ടോടെയാണ് ബിൽ പാസാക്കിയത്. കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറാണ് ബിൽ അവതരിപ്പിച്ചത്.
ബിൽ പാസാക്കിയതിന് പിന്നാലെ സഭ വീണ്ടും നിർത്തിവെച്ചു. ഉച്ചക്ക് രണ്ടു മണിക്ക് വീണ്ടും ചേരും. രാവിലെ പാർലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിച്ചത് മുതൽ ലോക്സഭയിൽ പ്രതിപക്ഷം ബഹളം ആരംഭിച്ചിരുന്നു. കാർഷിക നിയമം പിൻവലിക്കുന്നതിനുള്ള ബില്ലിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. തുടർന്ന് നിർത്തിവെച്ച സഭ 12 മണിക്ക് പുന:രാരംഭിച്ചപ്പോഴാണ് ബിൽ പാസാക്കിയത്. രാജ്യസഭയിലും ബിൽ ഇന്നു തന്നെ പാസാക്കിയെടുക്കാനുള്ള ശ്രമമാണ് ഭരണപക്ഷം നടത്തുന്നത്.