അമരാവതി ഃ അധികാരത്തിൽ തിരിച്ചെത്തിയിട്ടേ ഇനി നിയമസഭയിൽ കാലുകുത്തൂ എന്ന ഉഗ്രശപഥത്തോടെ തെലുഗുദേശം പാർട്ടി പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ എൻ.ചന്ദ്രബാബു നായിഡു ആന്ധ്രപ്രദേശ് നിയമസഭ വിട്ടു. ഭാര്യയെക്കുറിച്ച് ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസിലെ അംബാടി രാംബാബു നടത്തിയ മോശമായ പരാമർശമാണ് ഉഗ്രശപഥത്തിലേക്ക് നായിഡുവിനെ (71) നയിച്ചത്.
‘ഈ സഭയിൽ ഞാൻ ഇനി പങ്കെടുക്കില്ല. മുഖ്യമന്ത്രിയായിട്ടേ ഇനി മടങ്ങിവരൂ.’–കണ്ണീരടക്കാൻ വിഷമിച്ച നായിഡു കൂപ്പുകൈകളോടെ സഭാസമ്മേളനത്തിനിടെ ഇറങ്ങിപ്പോയി. ‘എന്റെ ഭാര്യ ഒരിക്കലും രാഷ്ട്രീയരംഗത്തു വന്നിട്ടില്ല. ഭരണത്തിലുള്ളപ്പോഴും ഇല്ലാത്തപ്പോഴും ഇടപെട്ടിട്ടുമില്ല. എന്നിട്ടും അവരുടെ പേരു വലിച്ചിഴച്ച് അപമാനിച്ചു. 40 വർഷത്തെ ജീവിതത്തിൽ ഇത്രയേറെ വിഷമിച്ചിട്ടില്ല. കഴിഞ്ഞ രണ്ടര വർഷം എന്നെ തുടർച്ചയായി അവഹേളിച്ചിട്ടും അതു സഹിച്ചുവരുകയായിരുന്നു. എന്നും അന്തസ്സോടെയേ ജീവിച്ചിട്ടുള്ളൂ. ഇനിയും ഇതു സഹിക്കാൻ കഴിയില്ല’– അദ്ദേഹം പറഞ്ഞു