യാത്രവേളയിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്താൻ ആവിഷ്‌കരിച്ച നിർഭയ പദ്ധതി ഉടൻ നടപ്പിലാക്കാൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. മുഴുവൻ പൊതു ഗതാഗത വാഹനങ്ങളിലും ലൊക്കേഷൻ ട്രാക്കിങ് സിസ്റ്റവും എമർജൻസി ബട്ടനും സ്ഥാപിച്ച് 24 മണിക്കൂറും നിരീക്ഷണത്തിലാക്കി രാത്രികാലങ്ങളിൽ ഉൾപ്പെടെ യാത്രയിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ സഹകരണത്തോടെ കേരളത്തിൽ സംസ്ഥാന മോട്ടോർ വാഹന വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. സ്ത്രീകളുടെയും പെൺകുട്ടികളുടെയും യാത്രാ സുരക്ഷിതത്വത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് പദ്ധതി വേഗം ആരംഭിക്കാൻ മന്ത്രി നിർദ്ദേശം നൽകി. ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ ജ്യോതിലാൽ, ട്രാൻസ്‌പോർട്ട് കമ്മിഷണർ എം.ആർ അജിത് കുമാർ, സി-ഡാക്കിലെയും ഗതാഗത വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
