കൊയിലാണ്ടിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ മൂന്നുപേർ അറസ്റ്റിൽ

Kerala Kozhikode

കൊയിലാണ്ടിയിൽനിന്ന് പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. കൊടുവള്ളി സ്വദേശികളായ നൗഷാദ്, മുഹമ്മദ് സ്വാലിഹ്, സൈഫുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്ഇന്നലെയാണ് കൊയിലാണ്ടി ഊരള്ളൂർ സ്വദേശിയായ അഷ്‌റഫിനെ ഒരു സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയത്. രാവിലെ ആറരയോടെ ഊരള്ളൂരിലെ അഷ്‌റഫിന്റെ വീട്ടിൽ കാറിലെത്തിയായിരുന്നു തട്ടിക്കൊണ്ടുപോകൽ. തട്ടിക്കൊണ്ടുപോയ ശേഷം മാവൂരിലെ തടിമില്ലിലായിരുന്നു പാർപ്പിച്ചിരുന്നത്. ഇന്നു രാവിലെ മൂന്നരയോടെ സംഘം അഷ്‌റഫിനെ കുന്ദമംഗലത്ത് ഇറക്കിവിട്ടു. കുന്ദമംഗലം പൊലീസെത്തിയാണ് ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.
അഷ്‌റഫിന്റെ കാൽ ഒടിഞ്ഞിട്ടുണ്ട്. ശരീരത്തിൽ ബ്ലേഡ് കൊണ്ട് പരിക്കേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ കോഴിക്കോട് റൂറൽ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. കൊടുവള്ളിയിൽനിന്നുള്ള സ്വർണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു. അഷ്‌റഫ് മുമ്പ് കൊച്ചി വഴി സ്വർണം കടത്തിയ കേസിൽ അറസ്റ്റിലായിട്ടുണ്ട്.കഴിഞ്ഞമാസമാണ് ഇയാൾ റിയാദിൽനിന്ന് നാട്ടിലെത്തിയത്. സ്വർണക്കടത്തിലെ കാരിയറായ അഷ്‌റഫ് റിയാദിൽനിന്ന് രണ്ട് കിലോയോളം സ്വർണം കൊണ്ടുവന്നതായാണ് പൊലീസിന് കിട്ടിയ വിവരം. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് സംശയം. അഷ്‌റഫ് കൊണ്ടുവന്ന സ്വർണം നഷ്ടപ്പെട്ടതിനെ തുടർന്ന് കുടുംബത്തെ ചിലർ ഭീഷണിപ്പെടുത്തിയിരുന്നു. അതിന്റെ തുടർച്ചയായാണ് തട്ടികൊണ്ടുപോകലെന്ന് പൊലീസ് പറയുന്നു.സംഘം നേരത്തെയും അഷ്‌റഫിനെ തേടിയെത്തിയിരുന്നു. സ്വർണ്ണം തക്വട്ടേഷൻ സംഘം തട്ടിയെടുത്തെന്നാണ് അഷ്‌റഫ് ഇവരോട് പറഞ്ഞിരുന്നത്. സുഹൃത്തുക്കളോടും ഇക്കാര്യം തന്നെയാണ് ആവർത്തിച്ചിരുന്നത്. കോഴിക്കോട് റൂറൽ എസ്പിയുടെ നിർദേശപ്രകാരം വടകര ഡിവെഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *