ബി.ജെ.പി. ദേശീയ ഉപാദ്ധ്യക്ഷൻ മുകൾ റോയ് തൃണമൂൽ കോൺഗ്രസിൽ തിരിച്ചെത്തി. കൊൽക്കത്തയിലെ തൃണമൂൽ ഭവനിൽ മുഖ്യമന്ത്രി മമതാ ബാനർജിയുടെ സാന്നിദ്ധ്യത്തിലാണ് പാർട്ടിയിലേക്ക് മുകുൾ റോയി തിരിച്ചെത്തിയത്.മുകുൾറോയിയോടൊപ്പം മകൻ സുബ്രാംശു റോയിയും തൃണമൂലിൽ മടങ്ങിയെത്തി. തൃണമൂൽവിട്ട് ബിജെപിയിലേക്ക് ചേക്കേറിയ കൂടുതൽ പേർ പാർട്ടിയിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി മമത പ്രതികരിച്ചു.ഏതാനും നാളുകളായി മുകുൾ റോയ് ബി.ജെ.പി. സംസ്ഥാന നേതൃത്വവുമായി അകൽച്ചയിലായിരുന്നു. അടുത്തിടെ കൊൽക്കത്തയിൽ നടന്ന ബി.ജെ.പി. യോഗത്തിൽ മുകുൾ റോയ് പങ്കെടുക്കാതിരുന്നതും അദ്ദേഹം ബി.ജെ.പി. വിടുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെട്ടിരുന്നു.2017-ലാണ് മമതയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് മുകുൾ റോയ് തൃണമൂൽ കോൺഗ്രസ് വിട്ടത്. പിന്നീട് 2019-ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബി.ജെ.പിക്ക് മുന്നേറ്റമുണ്ടാക്കാൻ മുകുൾ റോയിക്കും സംഘത്തിനും സാധിച്ചിരുന്നു.