സോണിയയ്ക്ക് പിൻഗാമി; സംഘടനാ തിരഞ്ഞെടുപ്പിന് മുന്നൊരുക്കം

National

ന്യൂഡൽഹിഃ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ പിൻഗാമിയെ കണ്ടെത്തുന്നതിനുള്ള സംഘടനാ തിരഞ്ഞെടുപ്പ് നടത്താൻ പാർട്ടി നടപടിയാരംഭിച്ചു. വോട്ടവകാശമുള്ള എഐസിസി അംഗങ്ങളുടെ പട്ടിക കൈമാറാൻ നിർദേശിച്ച് സംസ്ഥാന പിസിസി അധ്യക്ഷന്മാർക്കു തിരഞ്ഞെടുപ്പു സമിതി അധ്യക്ഷൻ മധുസൂദൻ മിസ്ത്രി കത്തയച്ചു.
തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള എഐസിസി സമ്മേളനം വിളിച്ചുചേർക്കുമെന്നും മിസ്ത്രി വ്യക്തമാക്കി. അടുത്ത വർഷമാദ്യം തിരഞ്ഞെടുപ്പ് നടത്താനാണ് ആലോചന. സമഗ്ര അഴിച്ചുപണി ആവശ്യപ്പെട്ടു സോണിയ ഗാന്ധിക്ക് 23 നേതാക്കൾ കത്തയച്ചതിനു പിന്നാലെയാണു സംഘടനാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്കു പാർട്ടി കടന്നത്. മിസ്ത്രിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണു തിരഞ്ഞെടുപ്പ് ഏകോപിപ്പിക്കുന്നത്. എഐസിസി അംഗങ്ങളുടെ പേര്, ഫോൺ നമ്പർ, ഇ മെയിൽ, ഫോട്ടോ എന്നിവ സഹിതമുള്ള പട്ടികയാണ് ആവശ്യപ്പെട്ടത്

Leave a Reply

Your email address will not be published. Required fields are marked *