അലാവുദ്ദീന്റെ അദ്ഭുതവിളക്കാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഉത്തർപ്രദേശിലെ ഡോക്ടറിൽ നിന്നും രണ്ടരക്കോടി തട്ടിയെടുത്ത സംഘം പിടിയിലായി. അലാവുദ്ദീൻ കഥയിലെ അദ്ഭുതവിളക്കിനോട് രൂപസാദൃശ്യമുള്ള സാധാരണവിളക്ക് നൽകിയായിരുന്നു തട്ടിപ്പ്. വിളക്ക് വാങ്ങി ഉപയോഗിച്ചപ്പോഴാണ് ഡോക്ടർ തട്ടിപ്പ് മനസിലാക്കുന്നത്. പിന്നാലെ നൽകിയ പരാതിയിലാണ് വിളക്ക് നൽകി പണം തട്ടിയ രണ്ടുയുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്.യു.പി.ഖൈർ നഗറിലെ ഡോക്ടർ ലയീക് ഖാൻ ആണ് തട്ടിപ്പിനിരയായത്. ഇസ്ലാമുദ്ദീൻ എന്ന മന്ത്രവാദിയിലൂടെയാണ് വിളക്കിനെ പറ്റി ഡോക്ടർ അറിയുന്നത്. അത് കൈവശമുണ്ടെങ്കിൽ അദ്ഭുത സിദ്ധി ലഭിക്കുമെന്ന് ഇയാൾ ഡോക്ടറെ വിശ്വസിപ്പിച്ചു. അദ്ഭുതസിദ്ധിയുള്ള വിളക്കിനുള്ളിൽ ഒരു ജിന്നുണ്ടെന്നും അതുവഴി കോടീശ്വരനാകാമെന്നുമാണ് മന്ത്രിവാദി ഡോക്ടറെ വിശ്വസിപ്പിച്ചത്. ഇതു വിശ്വസിച്ച ഡോക്ടർ ഒടുവിൽ രണ്ടരക്കോടി രൂപ നൽകി വിളക്ക് വാങ്ങി. ഉപയോഗിച്ച് നോക്കിയപ്പോൾ വിളക്കിൽ നിന്നും ഒന്നും പുറത്തുവരുന്നില്ല. ഇതോടെയാണ് തട്ടിപ്പാണെന്ന് തിരിച്ചറിയുന്നത്. ഇതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു.