വ്യാജവാര്‍ത്തകളും സന്ദേശങ്ങളും കണ്ടെത്താനുള്ള പിആര്‍ഡി സംഘത്തിലേക്ക് ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ്സിനെയും നാമനിര്‍ദേശം ചെയ്തു.

Kerala

വ്യാജവാര്‍ത്തകളും സന്ദേശങ്ങളും കണ്ടെത്താനുള്ള പിആര്‍ഡി സംഘത്തിലേക്ക് ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ്സിനെയും നാമനിര്‍ദേശം ചെയ്തു. ആരോഗ്യവകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായ ശ്രീറാമിനെ വകുപ്പ് പ്രതിനിധിയായാണ് ഫാക്ട് ചെക്ക് ഡിവിഷനില്‍ ഉള്‍പ്പെടുത്തിയത്. മദ്യലഹരിയില്‍ അമിതവേഗതയില്‍ കാറോടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കൊല്ലപ്പെടാനിടയായ അപകടമുണ്ടാക്കിയ കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന ശ്രീറാമിനെ പ്രതിഷേധങ്ങള്‍ അവഗണിച്ച് മാര്‍ച്ചില്‍ തിരിച്ചെടുക്കുകയായിരുന്നു. കൊവിഡില്‍ ശ്രീറാമിനെ പോലുള്ളവരുടെ സാന്നിധ്യം വേണമെന്ന് പറഞ്ഞ് ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയായി നിയമിച്ചു.ഐഎഎസ് ലോബിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു ഇതെന്ന് ആരോപണമുയര്‍ന്നിരുന്നു. കൊവിഡ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന വാര്‍ റൂമിന്റെയും സിഎഫ്എല്‍ടിസികളുടെയും ചുമതലയാണ് നല്‍കിയത്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് കൊവിഡ് വ്യാപന കാലയളവിലെ വ്യാജ വാര്‍ത്തകള്‍ കണ്ടെത്താന്‍ പിആര്‍ഡിയില്‍ ഫാക്ട് ചെക്ക് വിഭാഗത്തിന് രൂപം നല്‍കിയത്. പിആര്‍ഡി സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയില്‍ പൊലീസ്, ഐടി, ആരോഗ്യം റവന്യു വകുപ്പുകളിലെ ഉദ്യോഗസ്ഥരുണ്ട്. കൂടാതെ സൈബര്‍ സെക്യൂരിറ്റി, ഫാക്ട് ചെക്കിംഗ് വിദഗ്ധര്‍, സൈബര്‍ ഡോം, ഫൊറന്‍സിക് വിഭാഗങ്ങളില്‍ നിന്നുള്ളവര്‍, സിഡിറ്റ് വെബ് വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് മറ്റുള്ളവര്‍

മാധ്യമങ്ങളെ പ്രതിനിധീകരിച്ച് രണ്ട് എഡിറ്റര്‍മാരെയും ഉള്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. വ്യാജവാര്‍ത്തകളും സന്ദേശങ്ങളും കണ്ടത്തി പൊലീസിന് കൈമാറുക, സത്യാവസ്ഥ പ്രസിദ്ധീകരിക്കുക തുടങ്ങിയ ചുമതലകളാണ് ഫാക്ട് ചെക്ക് വിഭാഗത്തിന് നല്‍കിയിരിക്കുന്നത്. കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ മൂന്നുതവണ കോടതി നോട്ടീസ് നല്‍കിയിട്ടും ശ്രീറാം കോടതിയില്‍ ഹാജരായിട്ടില്ല. സുഹൃത്തായ വഫ ഫിറോസാണ് കാറോടിച്ചതെന്ന് പറഞ്ഞടക്കം തടിയൂരാന്‍ ശ്രീറാം ശ്രമിച്ചിരുന്നു. ബോധപൂര്‍വം മെഡിക്കല്‍ പരിശോധന വൈകിപ്പിക്കുകയും ചെയ്തിരുന്നു. ഇതും വിവാദമായി.

Leave a Reply

Your email address will not be published. Required fields are marked *