റോഡരികിൽ മൂത്രമൊഴിക്കുന്ന ഒരു സാധാരണക്കാരനെ കാർ യാത്രയ്ക്കിടയിൽ കണ്ടപ്പോൾ അയാളെ കാർ കയറ്റി കൊല്ലാൻ തോന്നി എന്ന് ഈയിടെ ഒരു സ്ത്രീപക്ഷ ചിന്തക പറഞ്ഞപ്പോൾ അതിന് കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്ന ഒട്ടനവധിപേരെ കണ്ടു …. ഇതുപോലുള്ളവർ രാജ്യഭരണത്തിൽ വരണം എന്നുപോലും പറഞ്ഞവരെ കണ്ടു …. പക്ഷേ, നിങ്ങൾ ഒരു കാര്യം മനസ്സിലാക്കിയില്ല ഇത് ബ്രെയിൻ ട്യൂമർ കൊണ്ട് തലവേദന വന്നത് പോലെയാണ് ….
നിലവിലെ സാഹചര്യ പ്രകാരം എ.സി കാറിൽ നിന്ന് ലക്ഷ്വറി സ്യൂട്ടിലേക്ക് യാത്ര ചെയ്യുന്ന നേതാക്കളും കടലാസ് വിമോചകരും ഒട്ടനവധി ഉണ്ട് …. യുവജന രാഷ്ട്രീയ കാലഘട്ടം മുതൽ ഇങ്ങോട്ട് സ്വന്തം കീശയിൽ നിന്ന് പൈസ എടുത്തു പെട്രോൾ അടിച്ചിട്ടില്ലാത്തവർക്ക് , ഏതെങ്കിലും ഒരു ഡിപ്പാർട്ട്മെന്റിന്റെ തലപ്പത്തെ അധികാരം കൈപ്പറ്റിയാൽ കേരളത്തിലെ റോഡിലെ ഗട്ടറുകളിൽ കുലുങ്ങാത്ത , എന്നാൽ മൈലേജ് തീരെയില്ലാത്ത സെമി ലക്ഷ്വറി വണ്ടികളിൽ ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് ബില്ല് പാസാക്കി മരണംവരെ യാത്ര ചെയ്യുന്നവർക്ക് പെട്രോൾ വില വർദ്ധനവിനെ കുറിച്ച് സംസാരിക്കുവാൻ നേരം ഉണ്ടാവുകയില്ല ല്ലോ ? ….
അതുപോലെ തന്നെയാണ് ഇവിടെയും സംഭവിച്ചത് …. ഇന്ത്യ സ്വതന്ത്രമായിട്ട് സംസ്ഥാനങ്ങളിൽനിന്ന് ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്ന രീതി നിലവിൽ വന്ന കാലഘട്ടം മുതൽ സംസ്ഥാനത്തേക്കും കേന്ദ്രത്തിലേക്കുമായി നിരവധി ജനപ്രതിനിധികൾ ഇവിടെ വന്നു പോയിട്ടുമുണ്ട് നിലവിൽ നിൽക്കുന്നുണ്ട് …. ദൈവനാമത്തിലും ദൃഢ സ്വഭാവത്തിലും ഉള്ള അവരുടെ സത്യപ്രതിജ്ഞ പ്രകാരം ജനങ്ങളുടെ സുഗമ ജീവിതസാഹചര്യത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കിയെടുക്കുക എന്ന വാക്കു പാലിക്കുന്നതിനു വേണ്ടി ആ കാലഘട്ടം മുതൽ തന്നെ ഓരോ ഗ്രാമപഞ്ചായത്തിലെ വാർഡുകളിലും അഞ്ഞൂറോ ആയിരമോ മീറ്റർ ഇടവിട്ട് പൊതു ശൗചാലയങ്ങൾ ഏർപ്പെടുത്തേണ്ടതും അത്തരം ശൗചാലയങ്ങൾ വൃത്തിയായി മെയിന്റെയിൻ ചെയ്യുന്നതിനു വേണ്ടി ജലലഭ്യതാ സൗകര്യവും ഏർപ്പെടുത്തുകയും അത് വൃത്തിയായി കാത്തുസൂക്ഷിക്കുന്നതിന് ശമ്പളം പറ്റുന്ന തൊഴിലാളികളെ നിയമിക്കുകയും ചെയ്യേണ്ടത് വളരെ വളരെ അത്യാവശ്യമായ കാര്യം തന്നെയായിരുന്നു …. പക്ഷേ അന്നുതൊട്ടിന്നോളം ആ ഒരു വ്യവസ്ഥ നിലവിൽ വന്നിട്ടില്ല ….
മേൽത്തട്ടിൽ ജീവിച്ചിരിക്കുന്ന പലർക്കും വഴിയരികിൽ ഒന്നും മൂത്രമൊഴിക്കാൻ മുട്ടിയാൽ കഷ്ടപ്പെടുന്ന സാധാരണക്കാരായ കൂലിത്തൊഴിലാളികളുടെ ജീവിത വ്യഥ മനസ്സിലാകില്ല …. നിങ്ങൾക്കു പരിചയം വാതിൽ തുറന്നാൽ വെസ്റ്റേൺ സംഗീതം പുറപ്പെടുവിക്കുന്ന ഇരുന്നും കിടന്നും കുളിക്കാനും ചാരിയിരുന്ന് തൂറാനും സൗകര്യമുള്ള സ്വിച്ചിട്ടാൽ വെള്ളം പോകുന്ന ദേഹാധ്വാനം തരാത്ത സെമി ലക്ഷ്വറി ടോയ്‌ലറ്റുകളുടെ എൽ.ഇ.ഡി ലൈറ്റിൽ ഉള്ള പളപളപ്പ് മാത്രമാണ് …. പക്ഷേ കേരളത്തിലെ കൂലിത്തൊഴിലാളിക്ക് തൂറാൻ മുട്ടിയാൽ വരുന്ന സംഗീതം വേറെയാണ് സാർ …. അതൊക്കെ മനസ്സിലാക്കണമെങ്കിൽ മനുഷ്യത്വം വേണം , പൊളിറ്റിക്കൽ കോമൺ സെൻസ് വേണം, നാഷണൽ സിൻസിയോരിറ്റി വേണം …. ഇന്റഗ്രേഷൻ ത്രൂ ഔട്ട് ദി ഡിവിനിറ്റി വേണം ….
പക്ഷേ ,സാധാരണഗ്രാമവാസി യുടെ കാര്യത്തിൽ ഇവിടുത്തെ സംഗീതം ഒക്കെ വേറെ ലെവൽ ആണ് ബോസ് …. നിങ്ങൾ ആശുപത്രിയിലെത്തുമ്പോൾ നിങ്ങളുടെ രോഗം ഒരല്പം മാരകമാണ്, ആയതിനാൽ നിങ്ങളുടെ ചികിത്സിക്കുന്നത് ഗവൺമെൻറിന് ബാധ്യതയാണ് എന്നു പറഞ്ഞ് ഡ്യൂട്ടി ഡോക്ടർ നിങ്ങളെ സ്പോട്ടിൽ വെടിവെച്ചു കൊല്ലുകയാണെങ്കിൽ നിങ്ങളുടെ കുടുംബത്തിൻറെ അവസ്ഥ എന്തായിരിക്കും ?! …. ഇതുതന്നെയാണ് റോഡരികിൽ മൂത്രമൊഴിക്കുന്ന സാധാരണക്കാരനെ കാർ കയറ്റി കൊല്ലാൻ തോന്നിയതിന്റെ പിറകിലുള്ള ആ അതി സ്വർഗീയ ചേതോവികാരത്തിൻറെ ടോട്ടൽ റിസൾട്ട് എന്ന് സദയം മനസ്സിലാക്കുക ….
വെറുതെ ഒന്ന് ചിന്തിച്ചു നോക്കുക , കാർ കയറ്റി കൊല്ലേണ്ടത് സാധാരണക്കാരനെ തന്നെയാണോ ?! , അതോ അവനെ പെരുവഴിയിൽ മൂത്രമൊഴിക്കാൻ നിർബന്ധിതനാക്കിയ അവൻ തിരഞ്ഞെടുത്ത ഗ്രാമ പഞ്ചായത്ത് മുതൽ ഇന്ത്യൻ പാർലമെൻറ് വരെ കൈയാളുന്ന ജനപ്രതിനിധികളെ ആണോ ?! ….
(എഴുതിയത്ഃ ജിത്തു തമ്പുരാൻ)