മേപ്പാടി:ഈ കാലവര്‍ഷത്തില്‍ മേപ്പാടി പഞ്ചായത്തില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയ മുണ്ടക്കൈ പാലത്തിനു പകരം നിര്‍മ്മിച്ച താല്‍ക്കാലിക പാലത്തിന്റെ പണി പൂര്‍ത്തിയായി. എം എല്‍ എ യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ആകെ 5 ലക്ഷം രൂപയാണ് നിര്‍മ്മാണ ചെലവ്.10 ദിവസത്തിനകമാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.പൊതുമരാമത്ത് പാലം വിഭാഗമാണ് താല്‍ക്കാലിക പാലത്തിന്റെ നിര്‍മ്മാണ മേല്‍നോട്ടം വഹിച്ചത്.മുണ്ടക്കൈ പാലത്തിന് ഈ സര്‍ക്കാര്‍ 2020-21 ബജറ്റില്‍ 5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിന്റെ സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിച്ച് പാലം രൂപകല്‍പ്പന ചെയ്യുന്നതിന് സമര്‍പ്പിച്ചിരിക്കെയാണ് ഉരുള്‍ പൊട്ടലില്‍ നിലവിലുണ്ടായിരുന്ന പാലം ഒലിച്ചു പോയത്.