നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് അധികനാളിന്റെ ദൂരമില്ലെന്നതുമാണ് പ്രതിപക്ഷത്തിനുള്ള പ്രേരണ. സംഭവമുണ്ടായി അധികം വൈകാതെ സെക്രട്ടറിയേറ്റിലേക്കെത്തിയ പ്രതിപക്ഷ നേതാവ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുകയും തീപ്പിടുത്തമുണ്ടായ ഇടം സന്ദര്‍ശിച്ച് രാജ്ഭവനിലേക്ക് തിരിക്കുകയും ചെയ്തു. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടായിരുന്നു ഗവര്‍ണറുമായുള്ള കൂടിക്കാഴ്ച. ഗവര്‍ണര്‍ ആവശ്യപ്പെട്ടപ്രകാരം വിഷയം സമഗ്രമായി എഴുതി നല്‍കുമെന്ന് പിന്നീട് അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി വിശദീകരണം തേടാന്‍ ഗവര്‍ണറെ പ്രേരിപ്പിക്കുകയെന്നതാണ് പ്രതിപക്ഷ ലക്ഷ്യം. അതിലൂടെ വിഷയത്തെ മറ്റൊരു മാനത്തിലേക്ക് ഉയര്‍ത്താനാണ് ഉന്നമിടുന്നത്. എന്‍ഐഎ അന്വേഷിക്കുന്ന കേസിന് ആവശ്യമായ രേഖകള്‍ സൂക്ഷിക്കുന്ന സ്ഥലത്തുണ്ടായ തീപ്പിടുത്തം ഔദ്യോഗികമായി കേന്ദ്രത്തിന്റ സജീവ ശ്രദ്ധയിലെത്തിക്കാനുള്ള ശ്രമമായി അതിനെ വിലയിരുത്താം. സാധാരണ നിലയില്‍ എഴുതി തയ്യാറാക്കിയ നിവേദനവുമായാണ് ഗവര്‍ണറെ കാണാറ്. അതിനുനില്‍ക്കാതെയായിരുന്നു രമേശ് ചെന്നിത്തലയുടെ തിരക്കിട്ട നീക്കം. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനും നേതാക്കളും പ്രതിഷേധിക്കുകയും അറസ്റ്റ് വരിക്കുകയും ചെയ്തതിനാല്‍ വിഷയം കൈവിട്ടുപോകാതെ ഒരു മുഴം മുന്നേ കുതിക്കാനാകാം രാത്രിയില്‍ തന്നെ അടിയന്തരമായി ഗവര്‍ണറെ കണ്ടത്. പിന്നാലെ ‘കരിദിന’ പ്രഖ്യാപനം. ഇതിന്റെ ഭാഗമായി ബുധനാഴ്ച കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തില്‍ യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് അടക്കം പോഷക സംഘടനകളെ രംഗത്തിറക്കി മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാകുകയും ചെയ്തു.