അനർഹമായി മുൻഗണന റേഷൻ കാർഡുകൾ കൈവശം വച്ചിരിക്കുന്നവർക്കെതിരെ കർശന നടപടിയുമായി സർക്കാർ. ഏപ്രിൽ ഒന്നുമുതൽ അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വച്ച് വരുന്നവർക്ക് നിയമപ്രകാരമുള്ള പിഴയും ശിക്ഷയും ഈടാക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ പറഞ്ഞു.
രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയശേഷം സംസ്ഥാനത്ത് 1,92,127 പുതിയ റേഷൻ കാർഡ് നൽകിയതായും മന്ത്രി.
മുൻഗണന കാർഡ് അനർഹമായി കൈവശം വച്ചവർക്ക് അവർ വാങ്ങിയ ഭക്ഷ്യധാന്യ വിലയുടെ അടിസ്ഥാനത്തിലാകും പിഴ ചുമത്തുക. അനർഹർ കൈവശം വച്ചു വന്നിരുന്ന 1,69,291 കാർഡുടമകൾ സ്വമേധയാ സറണ്ടർ ചെയ്തു. എന്നാൽ കാർഡുകളുടെ സ്വമേധയായുള്ള സറണ്ടർ മാർച്ച് 31 ന് ശേഷം അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു.
അതോടൊപ്പം നെല്ല് സംഭരണം ഊർജിതമാക്കിയതിലൂടെ കൃഷികാരുടെ ആവിശ്യം അനുസരിച്ച് 24 മണിക്കൂറിനകം അവരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ തുക നൽകുകയുണ്ടായിയെന്നും മന്ത്രി.
കൊവിഡ് ബാധിച്ചു മരണപ്പെട്ട റേഷൻ വ്യാപാരികൾക്ക് 7.5 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് ഏർപ്പെടുത്തി. 13 റേഷൻ കടകൾ പുതുതായി ആരംഭിച്ചു. ജനകീയ ഹോട്ടലുകൾക്ക് പ്രതിമാസം 600 കിലോ അരി 10 രൂപ 90 പൈസ നിരക്കിൽ നൽകിവരുന്നു. ഈ ബഡ്ജറ്റിൽ എല്ലാ മണ്ഡലങ്ങളിലും ഒരു മൊബൈൽ റേഷൻ ഷോപ്പ് അനുവദിച്ച ധനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായിയും ഭക്ഷ്യ മന്ത്രി പറഞ്ഞു .