മാനന്തവാടി: മാർച്ച് 27 ന് സെൻ്റ് പാട്രിക് സ് സ്കൂളിൽ നടക്കുന്ന സ്പന്ദനം സമൂഹ വിവാഹമേളയുടെ ഭാഗമായി വധൂവരൻമാരുടെ സംഗമം നടന്നു.വയനാട് സ്ക്വയർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ 21 ജോഡി വധൂവരൻമാരും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു. ഒരുക്കങ്ങളുടെ ഭാഗമായി വിവാഹ വസ്ത്രം, പാദരക്ഷകൾ എന്നിവയ്ക്കുള്ള കൂപ്പണുകൾ ഓരോരുത്തർക്കും കൈമാറി.
മാർച്ച് 27 ന് മാനന്തവാടി സെന്റ് പാട്രിക്സ് സ്കൂൾ ഓഡിറ്റോറിയത്തിലും കാമ്പസിലുമായാണ് സമൂഹ വിവാഹമേള ഒരുക്കുന്നത്. ജാതിമത വ്യത്യാസമെന്യേ 23 ദമ്പതിമാരാണ് അന്ന് കതിർമണ്ഡപത്തിൽ ഒരുമിക്കുന്നത്. സ്ത്രീധന പീഡനവും കൊലപാതകങ്ങളും ആത്മഹത്യകളും വാർത്ത കളിടം പിടിക്കുന്ന കാലത്ത് ‘ സ്ത്രീ തന്നെ ധനം’ എന്ന സന്ദേശത്തോടൊപ്പം മതജാതി രാഷ്ട്രീയ ഭേദങ്ങൾക്കപ്പുറം’ മാനവ മൈത്രിയാകട്ടെ മുഖ്യം’ എന്ന സന്ദേശവും ഉയർത്തി പുതിയൊരു മാതൃക സമൂഹത്തിന് നല്കുകയാണ് സ്പന്ദനം മാനന്തവാടിയുടെ സമൂഹ വിവാഹമേള.
ദമ്പതിമാരിൽ പാതിയോളം ഗോത്രവിഭാഗത്തിൽ നിന്നുള്ളവരാണെന്നതാണ് സ്പന്ദനം സമൂഹ വിവാഹമേള മറ്റ് സമാന സംഘടനകൾ നടത്തിവരുന്ന സമൂഹ വിവാഹങ്ങളിൽ നിന്നും വ്യത്യസ്മാകുന്നത്. വയനാട്ടിലെ മിക്കവാറും എല്ലാ ആദിവാസി ഗോത്ര വിഭാഗങ്ങളിൽ നിന്നുമുള്ള ദമ്പതികൾ ഉള്ളപ്പോൾ ഏറെ വ്യത്യസ്തമാക്കുന്നത് അട്ടപ്പാടിയിൽ നിന്നുമുള്ള ഇരുള വിഭാഗം വരൻ വയനാട്ടിൽ നിന്നുമുളള പ്രാക്തന ഗോത്രവിഭാഗം യുവതിയെ വരിക്കുന്നു എന്നുള്ളതാണ്.
2006 മുതൽ മാനന്തവാടി കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന സന്നദ്ധസംഘടനയാണ് സ്പന്ദനം മാനന്തവാടി. സമീപകാലത്ത് ബാംഗ്ലൂരിൽ വാഹനാപകടത്തിൽ മരണമടഞ്ഞ പ്രമുഖ സന്നദ്ധ പ്രവർത്തകൻ കൈപ്പാണി ഇബ്രായിയുടെ നേതൃത്വത്തിലായിരുന്നു സംഘടന രൂപം കൊണ്ടത്. സർക്കാർ സേവനത്തിൽ നിന്നും വിരമിച്ച ഡോക്ടർമാരും അദ്ധ്യാപകരും പഞ്ചായത്ത് സെക്രട്ടറിമാരും പോലീസുകാരും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരും ഉൾപ്പെടെ നാൽപ്പതോളം സന്നദ്ധ പ്രവർത്തകരുടെ വലിയൊരു കൂട്ടായ്മയാണ് സ്പന്ദനം ഇപ്പോൾ. നിർദ്ധനരായ അനേകം രോഗികളും അവരുടെ ബന്ധുക്കളുമായി അനേകം പേർ മരുന്നിനും ഭക്ഷണ കിററിനും ചികിത്സാ സഹായങ്ങൾക്കും മക്കളുടെ ഉന്നത വിദ്യാഭ്യാസ സഹായത്തിനും മറ്റുമായി
ദിവസേന ഫാഷൻ വില്ലേജ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന സ്പന്ദനം ഓഫീസിൽ ദിവസേന എത്തുന്നു. ചികിത്സാ വിദ്യാഭ്യാസ സഹായങ്ങൾ നല്കിവന്നിരുന്നതോടൊപ്പം ഭവനരഹിതരുടെ പുനരധിവാസത്തിനും സർക്കാർ പദ്ധതികളിൽ ലഭിച്ച് പൂർത്തിയാക്കാൻ പ്രയാസം നേരിട്ട അൻപതോളം ഭവനങ്ങളുടെ പൂർത്തീകരണത്തിനും സ്പന്ദനം സഹായം നൽകിയിരുന്നു.
മാനന്തവാടി താന്നിക്കൽ സ്വദേശിയും കർണാടക, ഗുജറാത്ത് സംസ്ഥാനങ്ങളിൽ വൻ ഫാക്ടറികളുടെ ഉടമയുമായ ജോസഫ് ഫ്രാൻസിസ് വടക്കേടത്തിന്റെ കാരുണ്യ സ്പർശമാണ് സ്പന്ദനം പ്രവർത്തനങ്ങളുടെ മുഖ്യ ശ്രോതസ്. അദ്ദേഹത്തിന്റെ വ്യവസായ ലാഭത്തിൽ നിന്നും സാമൂഹ്യ സുരക്ഷാ നിധിയായി മാറ്റിവെക്കുന്ന വിഹിതത്തിന്റെ ഏറിയ പങ്കും സ്പന്ദനത്തിന്റെ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നല്കി വരുന്നു. ജോസഫ് ഫ്രാൻസിസ് വടക്കേടത്തിന്റെയും പത്നി ജോളി ജോസഫിന്റെയും രണ്ടു പുത്രൻമാരുടെ വിവാഹാഘോഷത്തിന്റെ ഭാഗമായാണ് ഇപ്പോൾ സമൂഹ വിവാഹം സംഘടിപിക്കുന്നത്. ഈയിടെ ബാംഗ്ലൂരിലും രാജസ്ഥാനിലെ ജയ്സാൽ മറിലും ആയാണ് രണ്ട് പുത്രൻമാരുടെയും വിവാഹം നടന്നത്. മൂത്ത മകൻ ജോമോൻ ജോസഫ് പ്രമുഖ ദക്ഷിണേന്ത്യൻ സിനിമാതാരമായ റെബ മോനിക്കയെയും ഇളയമകൻ ജോഫി ജോസഫ് ബാംഗ്ലൂർ ഹാപ്പി മിൽക്ക് എന്ന പ്രശസ്ത ഓർഗാനിക് ബ്രാൻഡിന്റെ ഉടമയായ മെഹൽ ഗജ് രിവാളിനെയുമാണ് വിവാഹം കഴിച്ചിരിക്കുന്നത്.
സമൂഹ വിവാഹത്തോട് അനുബന്ധിച്ച് സാംസ്ക്കാരിക സമ്മേളനവും വധൂവരൻമാരുടെ ബന്ധുമിത്രാദികൾക്കായി വിരുന്നു സൽക്കാരവും ഒരുക്കുന്നുണ്ട്. മന്ത്രിമാരും എം.പി., എം.എൽ.എ.മാരും മറ്റു ജനപ്രതിനിധികളും ഉൾപ്പെടെയുള്ളവർ വിവാഹാഘോഷങ്ങളിൽ പങ്കെടുക്കും എന്ന് പ്രതീക്ഷിക്കുന്നു. സംഘാടനത്തിനായി ഫാ. വർഗ്ഗീസ് മറ്റമന ചെയർമാനും ബാബു ഫിലിപ്പ് കുടക്കച്ചിറ കൺവീനറായും സംഘാടക സമിതി പ്രവർത്തിക്കുന്നു. അതോടൊപ്പം സ്പന്ദനം പ്രസിഡണ്ട് ഡോ. എ. ഗോകുൽദേവ്, സെക്രട്ടറി പി.സി.ജോൺ, ട്രഷറർ ജസ്റ്റിൻ പനച്ചി എന്നിവരുടെ നേതൃത്വത്തിൽ നാൽപ്പതോളം അംഗങ്ങളും വിവിധ സബ്ബ് കമ്മിറ്റികളിലായി പ്രവർത്തിക്കുന്നു.