ഉത്തരാഖണ്ഡിൽ പ്രതിഷേധറാലി നടത്തിയ മുൻമുഖ്യ മന്ത്രിയക്കെതിരെ കേസ്. മുൻ മുഖ്യമന്ത്രി ഹരിഷ് റാവത്തിനും മൂന്ന് എംഎൽഎമാർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇദ്ദേഹത്തൊടൊപ്പം പ്രതിഷേധ റാലിയിൽ പങ്കെടുത്ത 150 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
സ്വാതന്ത്ര്യദിനത്തിൽ ധണ്ടേരയിൽ നിന്ന് റൂർക്കിക്ക് സമീപമുള്ള ലന്ധേരയിലെക്ക് കാളവണ്ടി റാലിക്കാണ് ഇദ്ദേഹം നേതൃത്വം നൽകിയത്. ഉത്തരാഖണ്ഡിനെ ഡൽഹിയുമായി ബന്ധിപ്പിക്കുന്ന റോഡുകളുടെ ശോചനീയാവസ്ഥയ്ക്കെതിരെയായിരുന്നു ഇദ്ദേഹത്തിന്റെ പ്രതിഷേധ റാലി.
ഭഗവൻപൂർ എംഎൽഎ മമ്ത രാകേഷ്, മംഗളൂർ എംഎൽഎ ഖാസി നിസാമുദ്ദീൻ, കാളിയാർ എംഎൽഎ ഫർഖാൻ മുഹമ്മദ് എന്നിവരും ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. കൊവിഡ് സുരക്ഷാ മാർഗ നിർദ്ദേശങ്ങൾ ലംഘിച്ച് വൻ ആൾക്കൂട്ടമാണ് റാലിയിൽ പങ്കെടുത്തതെന്ന് മുതിർന്ന പൊലീസ് സൂപ്രണ്ട് സെന്തിൽ അവുഡായ് കൃഷ്ണ പറഞ്ഞു.
ഇന്ത്യൻ പീനൽ കോഡിലെ പ്രസക്ത വകുപ്പുകൾ, ദുരന്ത നിവാരണ നിയമം എന്നിവ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു